കൊച്ചി: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയിൽ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച റിപ്പോർട്ടാണ് ഹൈക്കോടതി തള്ളിയത്. ആരോപണവിധേയനായ എ.ഡി.ജി.പിയെ സംരക്ഷിക്കാൻ ശ്രമിച്ച ചീഫ് സെക്രട്ടറിയുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
കേസിൽ ആരോപണവിധേയനായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി ഹിയറിങ് നടത്തിയത് തികച്ചും തെറ്റായ രീതിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരന് തനിക്കറിയാവുന്ന നിർണായക വിവരങ്ങളും തെളിവുകളും വെളിപ്പെടുത്താൻ ഉണ്ടായേക്കാമെന്നും, എന്നാൽ എ.ഡി.ജി.പിയുടെ സാന്നിധ്യത്തിൽ ഇത്തരം തെളിവുകൾ ഇല്ലാതാക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനെ വളരെ സങ്കടകരവും സമ്മർദ്ദപൂരിതവുമായ സാഹചര്യത്തിലേക്ക് ബിശ്വനാഥ് സിൻഹ തള്ളിയിടുകയാണ് ചെയ്തതെന്ന് കോടതി വ്യക്തമാക്കി.
ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവ്വമായ പെരുമാറ്റവുമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, സമർപ്പിച്ച റിപ്പോർട്ടിൽ തീയതി പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കുറ്റപ്പെടുത്തി. ബിശ്വനാഥ് സിൻഹ മുൻപ് ആഭ്യന്തര അഡീഷണൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഹിയറിങ്ങിന്റെയും നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ നിന്ന് ഈ കടുത്ത പരാമർശങ്ങളുണ്ടായത്.



