കൽപറ്റ: വയനാട്ടിലെ രൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർണായക പ്രഖ്യാപനങ്ങളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലയിൽ 60 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്നും നിലവിലുള്ള 25 കിലോമീറ്റർ ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണികൾ ഉടനടി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. കൽപറ്റ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണ പ്രതിരോധത്തിനായി നൂറു ദിവസത്തിനകം വയനാടിന് 4 റാപിഡ് റെസ്പോൺസ് ടീമുകളെ കൂടി അനുവദിക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വാച്ചർമാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും അധിക സൗകര്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായത് വയനാട്ടിലായതിനാൽ വനയോരങ്ങളിലെ ജനവാസ സാഹചര്യം മുൻനിർത്തി ജില്ലയിലെ കാടുകളുടെ വാഹകശേഷി പഠിക്കാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പഠനത്തിന്റെ ഭാഗമായി ആനകളുടെയും കടുവകളുടെയും എണ്ണം തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 6-ന് പാലക്കാട് വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമഗ്ര ചർച്ച നടത്തും. കൂടാതെ, നാട്ടിലിറങ്ങി പിടിയിലാകുന്ന കടുവകളെ മറ്റു ടൈഗർ റിസർവുകളിലേക്ക് മാറ്റുന്ന വിഷയം കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനമേഖലയിലെ പ്രശ്നങ്ങൾ കർഷകർ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ജനജാഗ്രതാ സമിതികൾ എന്നിവരുടെ സഹകരണത്തോടെ മാത്രമേ പൂർണ്ണമായി പരിഹരിക്കാൻ സാധിക്കൂ എന്നും “കർഷകന്റെ ഭൂമി കർഷകനും, വനഭൂമി വനത്തിനും” എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നു മുതൽ സംസ്ഥാനത്തൊട്ടാകെ വനം വകുപ്പിന്റെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. വനം വകുപ്പിൽ ഫയൽ ചെയ്തിട്ടുള്ള പരാതികളുടെ (OR) പുനഃപരിശോധന, കർഷകർക്കുള്ള വിളനാശ നഷ്ടപരിഹാരം ലഭ്യമാക്കൽ, കർഷകരുടെ ഭൂമിക്ക് എൻ.ഒ.സി അനുവദിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഈ അദാലത്തുകളിലൂടെ ഉടനടി തീർപ്പുണ്ടാക്കും. വാർത്താസമ്മേളനത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും പങ്കെടുത്തു.



