ടെഹ്‌റാൻ: അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണ് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആണ് അതീവ പ്രധാന്യമുള്ള ഈ സൈനിക നീക്കം വെളിപ്പെടുത്തിയത്. മേഖലയിൽ അമേരിക്ക നടത്തിവരുന്ന സൈനിക ഇടപെടലുകൾക്കുള്ള ശക്തമായ തിരിച്ചടിയാണിതെന്ന് ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഒന്നിലധികം ഡ്രോണുകളും അത്യാധുനിക മിസൈലുകളും ഉപയോഗിച്ചാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ, ഈ ആക്രമണത്തെക്കുറിച്ചോ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചോ എന്നതിനെക്കുറിച്ചോ അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നത്. ഇറാന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് വഴിതുറന്നിരിക്കുകയാണ്.



