മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ 17 സീറ്റുകളിൽ പ്രാഥമിക ധാരണയായി. പ്രമുഖ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.എം. ഷാജി കാസർകോട്ടും ഡോ. എം.കെ. മുനീർ കോഴിക്കോട് സൗത്തിലും മത്സരിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. അതേസമയം, നിലവിലെ എം.എൽ.എമാരായ പി. ഉബൈദുള്ള (മലപ്പുറം), പി. അബ്ദുൽ ഹമീദ് (വള്ളിക്കുന്ന്), ലത്തീഫ് എന്നിവർക്ക് ഇത്തവണ പട്ടികയിൽ ഇടം ലഭിച്ചിട്ടില്ല.
മഞ്ചേശ്വരത്ത് ഔദ്യോഗിക സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എം.കെ.എം. അഷ്റഫിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ഉയരുകയും അവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താൻ ജനകീയ മുന്നണി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നറിയുന്നു.



