യുദ്ധ പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലും ഇറാനിലും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) മാർച്ച് 15-ന് പുറത്തിറക്കിയ ആറാമത് സർക്കുലറിലാണ് (Circular-6) ഈ പ്രഖ്യാപനമുള്ളത്. മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഇതോടെ റദ്ദാക്കപ്പെട്ടു. യുഎഇ, സൗദി അറേബ്യ, ഇറാൻ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ ഏഴ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ കാരണം പരീക്ഷാ നടത്തിപ്പ് പ്രായോഗികമല്ലെന്ന് സ്കൂളുകളിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.

മാർച്ച് ഒന്ന് മുതൽ ഒൻപത് വരെയുള്ള തീയതികളിൽ വിവിധ സർക്കുലറുകൾ പ്രകാരം മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇതോടൊപ്പം റദ്ദാക്കിയതായി പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി. പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

 

 

Related Articles

- Advertisement -spot_img

Latest Articles