റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വടക്കൻ ഗ്രാമമായ തമ്മൂനിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കൊച്ചു കുട്ടികളും അവരുടെ മാതാപിതാക്കളും കൊല്ലപ്പെട്ടു. മാർച്ച് 15 ഞായറാഴ്ച പുലർച്ചെയാണ് അലി ഖാലിദ് ബാനി ഔദ (37), ഭാര്യ വാദ് (35), അഞ്ച് വയസ്സുകാരൻ മുഹമ്മദ്, ഏഴ് വയസ്സുകാരൻ ഉസ്മാൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ സൈന്യം തുരൂതുരാ വെടിയുതിർത്തത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിനുനേരെ ഇസ്രായേൽ സൈന്യം നേരിട്ട് വെടിവെക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ട നാല് പേരുടെയും തലയ്ക്കാണ് വെടിയേറ്റതെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഈ ദാരുണമായ ആക്രമണത്തിൽ നിന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട ദമ്പതികളുടെ മൂത്തമകൻ ഖാലിദ് (12), തന്നെ വാഹനത്തിൽ നിന്ന് വലിച്ചുപുറത്തിട്ട സൈനികർ “ഞങ്ങൾ നായ്ക്കളെ കൊന്നു” എന്ന് ആക്രോശിച്ചതായി വെളിപ്പെടുത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തങ്ങൾക്ക് നേരെ വാഹനം വേഗത്തിൽ ഓടിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സുരക്ഷാ ഭീഷണിയെത്തുടർന്നാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. എന്നാൽ, നിരായുധരായ ഒരു കുടുംബത്തിന് നേരെ നടന്ന ഈ ക്രൂരത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ടൂബാസിലെ തുർക്കി പബ്ലിക് ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും നാല് പേരും മരണപ്പെട്ടിരുന്നു; ആക്രമണത്തിൽ പരിക്കേറ്റ ഖാലിദും മറ്റൊരു സഹോദരനും നിലവിൽ ചികിത്സയിലാണ്.



