ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ആഗോള എണ്ണ വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് നിലവിൽ തുറന്നുതന്നെയാണെന്നും എന്നാൽ തങ്ങളുടെ ശത്രുക്കൾക്ക് ഈ പാതയിലൂടെ പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയാണ്, പക്ഷേ ഞങ്ങളെ ആക്രമിച്ച ശത്രുക്കൾക്കും അവരുടെ സഖ്യകക്ഷികൾക്കും മുന്നിൽ അത് അടഞ്ഞുകിടക്കും,” ടെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ അരാഗ്‌ചി പറഞ്ഞു. ഇറാന്റെ പരമാധികാരത്തിന് നേരെ ‘ഭീരുത്വപരമായ ആക്രമണം’ നടത്തിയവർക്ക് ഈ തന്ത്രപ്രധാന പാത ഉപയോഗിക്കാൻ അവകാശമില്ലെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ തടസ്സമില്ലെന്നും എന്നാൽ ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ലക്ഷ്യം വെക്കുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ആവർത്തിച്ചു. യുദ്ധം എത്രകാലം നീണ്ടുനിന്നാലും പ്രതിരോധിക്കാൻ തയ്യാറാണെന്നും ചർച്ചകൾക്കോ വെടിനിർത്തലിനോ നിലവിൽ താല്പര്യമില്ലെന്നും അരാഗ്‌ചി കൂട്ടിച്ചേർത്തു. മേഖലയിലെ പിരിമുറുക്കം വർദ്ധിക്കുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.



