22.8 C
Saudi Arabia
Saturday, March 21, 2026
spot_img

സിറിയയിൽ ഇസ്രായേൽ ആക്രമണം: കടുത്ത ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ; അന്താരാഷ്ട്ര ഇടപെടൽ വേണം

റിയാദ്: തെക്കൻ സിറിയയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും 1974-ലെ സൈനിക പിന്മാറ്റ കരാറിന്റെ ലംഘനമാണിതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും വെല്ലുവിളിക്കുന്ന ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കാൻ ആഗോള സമൂഹം അടിയന്തരമായി ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു. സിറിയയുടെ ഐക്യവും സുരക്ഷയും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

തെക്കൻ പ്രവിശ്യയായ സുവൈദയിൽ ദ്രൂസ് വിഭാഗത്തിന് നേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ സിറിയൻ സൈനിക ക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. എന്നാൽ, ഇസ്രായേലിന്റെ ഈ വാദം സിറിയൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തി സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. മേഖലയിൽ നിലവിൽ പുകയുന്ന യുദ്ധം സിറിയയിലേക്കും പടരാതിരിക്കാൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നതിനിടയിലാണ് ഇസ്രായേലിന്റെ ഈ കടന്നുകയറ്റം.

സൗദിക്ക് പുറമെ കുവൈറ്റ്, ജോർദാൻ, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളും ഇസ്രായേൽ നടപടിയെ അപലപിച്ചു. ഇസ്രായേലിന്റെ ഈ പ്രകോപനം പശ്ചിമേഷ്യയെ കൂടുതൽ അരാജകത്വത്തിലേക്കും സംഘർഷത്തിലേക്കും തള്ളിവിക്കുമെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയുടെ സുസ്ഥിരത തകർക്കുന്ന ഇത്തരം നീക്കങ്ങൾ നിർത്തലാക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles