തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം (KL 01 CR 4291) സംസ്ഥാനത്തുടനീളം ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ. കണ്ണൂരിൽ നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോകാൻ ഈ വാഹനമാണ് ഉപയോഗിച്ചത്. 2024-ന് ശേഷം മാത്രം 18 തവണയാണ് ഈ കാർ ഗതാഗത നിയമങ്ങൾ ലംഘിച്ചത്. എന്നാൽ ഇതുവരെ ഒരു പിഴ പോലും അടച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അമിതവേഗം, സിഗ്നൽ ലംഘനം, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങൾക്ക് എ.ഐ ക്യാമറകളിലൂടെയും മറ്റുമായി ആകെ 13,750 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് മാത്രം 12 തവണയാണ് 500 രൂപ വീതം പിഴയീടാക്കിയത്. വഴുതക്കാട്, ഇരിട്ടി, മാന്നാർ എന്നിവിടങ്ങളിൽ വെച്ച് സീറ്റ് ബെൽറ്റ് ലംഘനത്തിന് ചലാൻ ലഭിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ കോവളം-കാരോട് ദേശീയപാതയിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചതിനും കിളിമാനൂരിൽ വെച്ച് അമിതവേഗത്തിൽ പോയതിനും പാലക്കാട്ടെ സിഗ്നൽ ലംഘനത്തിനും വാഹനത്തിനെതിരെ കേസുണ്ട്. കൂടാതെ, അമിത ശബ്ദമുണ്ടാക്കുന്ന നാല് എയർ ഹോണുകൾ ഘടിപ്പിച്ചതിന് 2023-ലും വാഹനത്തിനെതിരെ നടപടിയെടുത്തിരുന്നു. നിയമലംഘനങ്ങളുടെ രേഖകളും ചിത്രങ്ങളും പുറത്തുവന്നതോടെ, സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തിയ നിയമങ്ങൾ ഭരണകക്ഷിയുടെ വാഹനം തന്നെ ലംഘിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.



