കീവ്: യുക്രൈനിലെ പോൾട്ടാവ, ഖാർകീവ് മേഖലകളിലെ വാതക ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ മൂന്ന് നാഫ്റ്റോഗാസ് ജീവനക്കാരും രണ്ട് രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നു. 37 പേർക്ക് പരിക്കേറ്റതായും ഇതിൽ 23 പേർ രക്ഷാപ്രവർത്തകരാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് മേഖലയിലെ വാതക ഉൽപ്പാദനം തടസ്സപ്പെടുകയും ഏകദേശം 3,500 ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം നിലയ്ക്കുകയും ചെയ്തു.
ആക്രമണത്തിൽ തകർന്ന വാതക നിലയത്തിലെ തീ അണയ്ക്കാൻ എത്തിയ രക്ഷാപ്രവർത്തകർക്ക് നേരെ റഷ്യ വീണ്ടും ആക്രമണം നടത്തിയത് മരണസംഖ്യ ഉയരാൻ കാരണമായി. ആദ്യ ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടക്കുമ്പോൾ രണ്ടാമതും മിസൈൽ തൊടുക്കുന്നത് ബോധപൂർവമാണെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ കുറ്റപ്പെടുത്തി. ആകെ 11 ബാലിസ്റ്റിക് മിസൈലുകളും 164 ഡ്രോണുകളുമാണ് റഷ്യ തൊടുത്തത്. ഇതിൽ ഭൂരിഭാഗവും യുക്രൈൻ വ്യോമസേന വെടിവെച്ചിട്ടെങ്കിലും എട്ട് മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചു. ആക്രമണത്തിൽ നാഫ്റ്റോഗാസ് പ്ലാന്റുകൾക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ സജീവമാകുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. മെയ് 8, 9 തീയതികളിൽ വിജയാഘോഷത്തോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി മെയ് 5 മുതൽ തന്നെ വെടിനിർത്തൽ വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നിർദ്ദേശിച്ചു. സമാധാനം പറയുകയും അതേസമയം തന്നെ ക്രൂരമായ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന റഷ്യയുടെ നിലപാട് വഞ്ചനാപരമാണെന്ന് സെലെൻസ്‌കി ആഞ്ഞടിച്ചു. ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ നീക്കം യുക്രൈന്റെ അതിജീവനത്തെ തകർക്കാനാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.



