ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ലോകമെമ്പാടും, പ്രത്യേകിച്ച് അയൽരാജ്യങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും ‘കുറ്റകൃത്യങ്ങളിൽ’ മനംമടുത്ത് പാകിസ്ഥാൻ, തുർക്കി, ഇറാഖ്, ലെബനൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ലോകത്തെ സ്വതന്ത്രമായി ചിന്തിക്കുന്ന ജനങ്ങളുടെ പിന്തുണ സയണിസ്റ്റുകൾക്കല്ലെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ ജനങ്ങളുടെ താല്പര്യങ്ങളെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ മേഖലയിലെ ഭൂരിഭാഗം മുസ്ലിം രാഷ്ട്രങ്ങളും ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സഹകരണം വഴിയും പരസ്പര ബഹുമാനം വഴിയും മാത്രമേ മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ സാധിക്കൂ എന്ന് പെസെഷ്കിയാൻ ഊന്നിപ്പറഞ്ഞു. നേരത്തെ അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പെസെഷ്കിയാൻ ക്ഷമാപണം നടത്തിയിരുന്നെങ്കിലും, അമേരിക്കൻ താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും തങ്ങളുടെ മണ്ണ് ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണവ. അതേസമയം, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ചർച്ചകൾക്ക് തങ്ങൾ നിലവിൽ തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. പശ്ചിമേഷ്യയിലെ ജനരോഷം കണക്കിലെടുത്ത് തന്ത്രപരമായ നീക്കങ്ങൾ നടത്താനാണ് ടെഹ്‌റാൻ ലക്ഷ്യമിടുന്നത്.



