തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുൻപ് നവവധുവിനെ അതിക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായി. ചെമ്പഴന്തി അണിയൂർ കീരിക്കുഴി സ്വദേശി ആസിഫിനെയാണ് (28) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചെങ്കോട്ടുകോണം സ്വദേശിനി അറഫാ നജുമുദീൻ (22) നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫെബ്രുവരി 17-ന് അറഫ സ്വന്തം മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
തുടർന്ന് യുവതിയുടെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്ത ആസിഫ്, വലതുകാൽ മുട്ട് ചവിട്ടിയൊടിക്കുകയും കുപ്പി ഉപയോഗിച്ച് നെഞ്ചിലും വാരിയെല്ലിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.



