അമേരിക്കയുമായി ചർച്ച നടത്തുന്നുവെന്ന വാർത്ത തള്ളി ഇറാൻ സൈന്യം; യുദ്ധം തുടരുമെന്ന് പ്രഖ്യാപനം

ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ സൈന്യം പൂർണ്ണമായും തള്ളിക്കളഞ്ഞു. ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ വ്യാജമാണെന്നും സൈന്യം തങ്ങളുടെ പോരാട്ടം തുടരുമെന്നും ഇറാൻ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഘരി വ്യക്തമാക്കി. അമേരിക്കൻ ഭരണകൂടം തങ്ങളോട് തന്നെയോ അതോ സ്വന്തം നിഴലിനോടോ ആണ് ചർച്ച നടത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇറാൻ വിദേശകാര്യ മന്ത്രാലയവും ട്രംപിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില നിയന്ത്രിക്കാനും സ്വന്തം പരാജയം മറച്ചുവെക്കാനുമുള്ള മാനസിക യുദ്ധതന്ത്രമാണ് ട്രംപ് പയറ്റുന്നതെന്ന് ഇറാൻ ആരോപിച്ചു.

യുഎസ് ഭരണകൂടം പാകിസ്ഥാൻ വഴി 15 ഇന സമാധാന നിർദ്ദേശങ്ങൾ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ഇത്തരം ഒത്തുതീർപ്പുകൾക്ക് തങ്ങൾ തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. ‘ഖാതമുൽ അൻബിയ’ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള പ്രസ്താവനയിൽ, അമേരിക്കയെപ്പോലെയുള്ള ഒരു ശക്തിയോട് തങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വിജയം വരെ പ്രതിരോധം തുടരുമെന്നും സൈന്യം ആവർത്തിച്ചു. ട്രംപ് അഞ്ച് ദിവസത്തെ താല്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇറാനിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുന്നത് ചർച്ചാ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles