ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവും ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫുമായ സിവ് അഗ്മോനെ പദവിയിൽ നിന്ന് പുറത്താക്കി. പ്രധാനമന്ത്രിക്കെതിരെയും സ്വന്തം പാർട്ടിയായ ലിക്കുഡിനെതിരെയും നടത്തിയ ഗുരുതരമായ ആരോപണങ്ങളും മൊറോക്കൻ വംശജരായ ജൂതന്മാർക്കെതിരായ വംശീയ അധിക്ഷേപങ്ങളും പുറത്തുവന്നതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം ഉടൻ രാജിവെച്ച് വീട്ടിലിരിക്കണമെന്നും അഗ്മോൻ പറയുന്ന ഫോൺ സംഭാഷണങ്ങൾ ഇസ്രായേൽ ചാനലുകൾ പുറത്തുവിട്ടിരുന്നു. ഇതോടെ ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അഗ്മോനെ സ്ഥാനത്തുനിന്ന് നീക്കിയത്.
ലിക്കുഡ് പാർട്ടിയിൽ കള്ളന്മാരും തട്ടിക്കൊണ്ടുപോകുന്നവരും ഉണ്ടെന്നും ഇനി കൊലപാതകികളും ബലാത്സംഗം ചെയ്യുന്നവരും കൂടി വന്നാൽ പട്ടിക പൂർത്തിയാകുമെന്നും അഗ്മോൻ പരിഹസിച്ചു. കൂടാതെ, മൊറോക്കൻ ജൂതന്മാരെ ‘കുരങ്ങുകൾ’ (ബബൂണുകൾ) എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചതും വലിയ വിവാദമായി. ലിക്കുഡ് പാർട്ടിയേക്കാൾ തനിക്ക് അനുയോജ്യം ബെന്നി ഗാന്റ്സിന്റെ നേതൃത്വത്തിലുള്ള ‘ബ്ലൂ ആൻഡ് വൈറ്റ്’ പാർട്ടിയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. സഖ്യകക്ഷിയായ ‘ഷാസ്’ പാർട്ടിയെ പണം തട്ടുന്നവരെന്നും പ്രധാനമന്ത്രിയുടെ കുടുംബത്തെ കടുത്ത വിരോധത്തോടെയുമാണ് അഗ്മോൻ വിശേഷിപ്പിച്ചത്. തന്റെ സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങൾ വ്യക്തിഹത്യ ലക്ഷ്യമിട്ട് ആരോ പുറത്തുവിട്ടതാണെന്നും അവ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നുമാണ് അഗ്മോന്റെ വിശദീകരണം.
സംഭവം പുറത്തായതോടെ ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. വംശീയവാദികളെ നെതന്യാഹു കൂടെ കൂട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. തന്റെ കുടുംബത്തിന് മൊറോക്കൻ വേരുകളുണ്ടെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഗ്മോൻ അവകാശപ്പെട്ടെങ്കിലും, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു. നെതന്യാഹുവിന്റെ ഓഫീസിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ സ്വാധീനമുറപ്പിച്ച അഗ്മോന്റെ രാഷ്ട്രീയ കരിയറിന് ഈ ഫോൺ കോൾ ചോർച്ചയോടെ തിരശ്ശീല വീണിരിക്കുകയാണ്.



