തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കണമെന്ന ദൂരദർശൻ അധികൃതരുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ചാനലിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സി.പി.ഐ ബഹിഷ്കരിച്ചു. ബി.ജെ.പിക്കും കേന്ദ്ര ഭരണകൂടത്തിനുമെതിരായ പരാമർശങ്ങൾ നീക്കം ചെയ്ത് പരിപാടി റെക്കോർഡ് ചെയ്യണമെന്ന വെറ്റിംഗ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ദൂരദർശനെയും ആകാശവാണിയെയും ‘യജമാനന്റെ’ ശബ്ദം മാത്രം കേൾപ്പിക്കാനുള്ള യന്ത്രമാക്കി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും, ദൂരദർശൻ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാർട്ടിക്കായി അനുവദിച്ച സമയത്തിൽ തയ്യാറാക്കിയ പ്രസംഗത്തിന്റെ അവസാന രണ്ട് ഖണ്ഡികകൾ പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു ദൂരദർശന്റെ നിർദ്ദേശം. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ഇത്തരം വെട്ടിമാറ്റലുകൾ നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ നയങ്ങളും വിയോജിപ്പുകളും വ്യക്തമാക്കാനുള്ള അവകാശം തടയുന്നത് അംഗീകരിക്കാനാവില്ലെന്നും, ദൂരദർശൻ ബി.ജെ.പിയുടെ ചാനലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ തീരുമാനിച്ചത്.



