15.5 C
Saudi Arabia
Friday, March 27, 2026
spot_img

പശ്ചിമേഷ്യൻ പ്രതിസന്ധി; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പുതിയ മൂല്യനിർണ്ണയ പദ്ധതി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്, മേഖലയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുതിയ ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു. യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മേഖലയിലുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങൾ കാരണം പരീക്ഷാ ഷെഡ്യൂളുകൾ തടസ്സപ്പെടുകയും ചില പരീക്ഷകൾ റദ്ദാക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ബോർഡിന്റെ ഈ നിർണ്ണായക ഇടപെടൽ. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ സിബിഎസ്ഇ പുറത്തിറക്കി കഴിഞ്ഞു.

പുതുക്കിയ പദ്ധതി പ്രകാരം, നേരിട്ട് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ ഫലം ആന്തരിക മൂല്യനിർണ്ണയത്തിലൂടെ (Internal Assessment) തയ്യാറാക്കും. പ്രായോഗിക പരീക്ഷകൾ (Practical), പ്രോജക്ട് വർക്കുകൾ, പ്രീ-ബോർഡ് പരീക്ഷകൾ, ക്ലാസ് ടെസ്റ്റുകൾ, മറ്റ് അക്കാദമിക് റെക്കോർഡുകൾ എന്നിവ സംയോജിപ്പിച്ചാണ് അന്തിമ ഗ്രേഡ് നിശ്ചയിക്കുന്നത്. ഗണിതം, ഇംഗ്ലീഷ്, ഹിസ്റ്ററി, ബയോളജി തുടങ്ങിയ 70 അല്ലെങ്കിൽ 80 മാർക്കിന്റെ തിയറി പരീക്ഷകൾക്ക് പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകൾ വിദ്യാർത്ഥികളുടെ പാദവാർഷിക പരീക്ഷ, അർദ്ധവാർഷിക പരീക്ഷ, പ്രീ-ബോർഡ് പരീക്ഷ എന്നീ മൂന്ന് പരീക്ഷകളുടെ സ്കോറുകൾ ഇതിനായി സമർപ്പിക്കണം. ഇവയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച പരീക്ഷയിലെ സ്കോർ ആയിരിക്കും അന്തിമ ഫലത്തിനായി കണക്കിലെടുക്കുക.

പ്രതികൂല സാഹചര്യങ്ങളിലും വിദ്യാർത്ഥികൾക്ക് അർഹമായ നീതി ഉറപ്പാക്കാനും അവരുടെ ഉപരിപഠനത്തിന് തടസ്സമില്ലാത്ത രീതിയിൽ അക്കാദമിക് തുടർച്ച നിലനിർത്താനുമാണ് ഈ പദ്ധതിയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പദ്ധതിയുടെ വിശദവിവരങ്ങൾ മേഖലയിലെ എല്ലാ സ്കൂളുകൾക്കും കൈമാറിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles