ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ നാല് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിർണ്ണായക നയതന്ത്ര ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ തുടക്കമായി. പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഈ അടിയന്തര യോഗത്തിൽ പങ്കെടുക്കുന്നത്. പശ്ചിമേഷ്യയിൽ ആരംഭിച്ച് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായ ഈ യുദ്ധത്തിൽ ഇരുവിഭാഗങ്ങൾക്കും ഇടയിൽ പ്രധാന മധ്യസ്ഥരായി ഈ നാല് രാഷ്ട്രങ്ങൾ രംഗത്തുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ചയെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയെയാകെ അസ്ഥിരമാക്കിയ സാഹചര്യത്തിൽ, സമാധാനപരമായ ഒരു ഒത്തുതീർപ്പ് കണ്ടെത്താനാണ് ഈ ചതുർരാഷ്ട്ര സഖ്യം ശ്രമിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാനുമായി ചർച്ച ചെയ്യുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള വഴികളാണ് ചർച്ചയുടെ പ്രധാന അജണ്ട. അമേരിക്കയുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറല്ലെന്ന ഇറാന്റെ നിലപാടിൽ അയവ് വരുത്താനും യുദ്ധം ഗൾഫ് മേഖലയിലേക്ക് കൂടുതൽ വ്യാപിക്കുന്നത് തടയാനുമാണ് ഇസ്‌ലാമാബാദിലെ ചർച്ചകളിലൂടെ ഈ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഈ നയതന്ത്ര നീക്കം വിജയിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ യുഎസ്-ഇറാൻ പ്രതിനിധികൾ തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചയ്ക്ക് ഇസ്‌ലാമാബാദ് വേദിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.



