ഇറ്റലിയിൽ വൻ ചോക്ലേറ്റ് കവർച്ച: 12 ടൺ കിറ്റ്കാറ്റ് ബാറുകൾ മോഷ്ടിച്ചു

റോം: ​യൂറോപ്പിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന പന്ത്രണ്ട് ടണ്ണോളം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയി. ഇറ്റലിയിലെ ഫാക്ടറിയിൽ നിന്നും പോളണ്ടിലേക്ക് പോവുകയായിരുന്ന ട്രക്കിലുണ്ടായിരുന്ന ചോക്ലേറ്റ് ശേഖരമാണ് കാണാതായത്. ഏകദേശം 4,13,793 പാക്കറ്റ് ചോക്ലേറ്റ് ബാറുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.

ഫോർമുല വൺ റേസിംഗ് കാറുകളുടെ മാതൃകയിൽ നിർമ്മിച്ച കിറ്റ്കാറ്റിന്റെ പുതിയ ശ്രേണിയിലുള്ള ചോക്ലേറ്റുകളാണ് മോഷണം പോയത്. കഴിഞ്ഞ വർഷം കിറ്റ്കാറ്റ് ഫോർമുല വണ്ണിന്റെ ഔദ്യോഗിക ചോക്ലേറ്റ് പങ്കാളിയായി മാറിയതിന് പിന്നാലെയാണ് ഈ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചത്.

​ഈസ്റ്റർ ആഘോഷങ്ങൾ അടുത്തിരിക്കെ നടന്ന ഈ കവർച്ച വിപണിയിൽ ചോക്ലേറ്റ് ക്ഷാമത്തിന് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.

കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്‌ലെ അധികൃതർ മോഷണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക അധികൃതരുമായും വിതരണ ശൃംഖലയിലെ പങ്കാളികളുമായും ചേർന്ന് കമ്പനി അന്വേഷണം ഊർജിതമാക്കി.
​മോഷണം പോയ ചോക്ലേറ്റുകൾ അനധികൃത വിപണികളിൽ എത്താൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കമ്പനി അറിയിച്ചു. ഓരോ ബാറിലും രേഖപ്പെടുത്തിയിട്ടുള്ള ബാച്ച് കോഡുകൾ ഉപയോഗിച്ച് ഇവ മോഷ്ടിക്കപ്പെട്ടവയാണോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും നെസ്‌ലെ വ്യക്തമാക്കി.

സങ്കീർണ്ണമായ രീതിയിലുള്ള ചരക്ക് മോഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് തങ്ങൾ ഈ വിവരം പരസ്യപ്പെടുത്തിയതെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.
എന്നാൽ കമ്പനിക്ക് വലിയ തോതിലുള്ള പരസ്യമായി മോഷണം മാറിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles