28.4 C
Saudi Arabia
Monday, March 30, 2026
spot_img

കാലിൽ ചവിട്ടിയതിനെച്ചൊല്ലിയുള്ള തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് പത്തൊൻപതുകാരനായ യുവാവിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി (തേജസ് – 19) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 8.30-ഓടെ നടന്ന സംഭവത്തിൽ കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ (19), വിനു (26), പ്രിജിത്, ഇവർക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ അഖിൽരാജ് (29) എന്നിവരെയും കണ്ടാലറിയാവുന്ന രണ്ട് പ്രായപൂർത്തിയാകാത്ത യുവാക്കളെയും കൊട്ടിയം പോലീസ് പിടികൂടി. ഉത്സവത്തോടനുബന്ധിച്ചുള്ള ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ തേജസ് അബദ്ധത്തിൽ പ്രതികളുടെ കാലിൽ ചവിട്ടിയതാണ് അക്രമത്തിന് കാരണമായത്. ഇതിൽ പ്രകോപിതരായ സംഘം തേജസിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും ഒന്നാം പ്രതിയായ ആദിത്യൻ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് വയറ്റിലും ഇടുപ്പിലും മൂന്നുതവണ കുത്തുകയുമായിരുന്നു.

ആക്രമണ സമയത്ത് പ്രായപൂർത്തിയാവാത്ത പ്രതികളിലൊരാൾ തേജസിനെ തടഞ്ഞു വെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഫ്ലോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും വർണ്ണവിളക്കുകളും കാരണം തേജസിന് കുത്തേറ്റ വിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആദ്യം തളർന്നു വീണതാണെന്ന് കരുതി നാട്ടുകാർ തേജസിനെ റോഡരികിലേക്ക് മാറ്റിക്കിടത്തുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് ഉടൻ തന്നെ പാലത്തറ സഹകരണ ആശുപത്രിയിലും തുടർന്ന് സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.30-ഓടെ മരണം സംഭവിക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഞായറാഴ്ച പുലർച്ചെ 4.30-ഓടെ വെളിച്ചിക്കാലയിലുള്ള അഖിൽരാജിന്റെ വീട്ടിൽ നിന്ന് ചാത്തന്നൂർ എ.സി.പി അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രായപൂർത്തിയാവാത്ത രണ്ട് പ്രതികളെ ജുവനൈൽ കോടതിയിലും മറ്റുള്ളവരെ മജിസ്‌ട്രേറ്റിന് മുന്നിലും ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Related Articles

- Advertisement -spot_img

Latest Articles