26.4 C
Saudi Arabia
Wednesday, April 1, 2026
spot_img

ഖത്തർ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം; 21 ജീവനക്കാരെ രക്ഷപ്പെടുത്തി

ദോഹ: ഖത്തറിന്റെ സമുദ്രപരിധിയിൽ സർക്കാര് ഉടമസ്ഥതയിലുള്ള ഖത്തർ എനർജി വാടകയ്‌ക്കെടുത്ത എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇന്ന് പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്തുവിട്ട മൂന്ന് ക്രൂയിസ് മിസൈലുകളിൽ രണ്ടെണ്ണം ഖത്തർ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തുവെങ്കിലും മൂന്നാമത്തേത് ‘അക്വാ 1’ (Aqua 1) എന്ന ഇന്ധനക്കപ്പലിൽ പതിക്കുകയായിരുന്നു. ഖത്തറിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റാസ് ലഫാനിൽ നിന്ന് ഏകദേശം 31 കിലോമീറ്റർ (17 നോട്ടിക്കൽ മൈൽ) വടക്ക് മാറിയാണ് സംഭവം നടന്നതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചു. കപ്പലിന്റെ വശത്താണ് മിസൈൽ പതിച്ചതെന്നും ജലനിരപ്പിന് മുകളിലായി കപ്പലിന്റെ പുറംഭാഗത്തിന്  നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പലിൽ നിന്ന് എണ്ണ ചോർച്ചയോ പരിസ്ഥിതി പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഖത്തർ എനർജി അറിയിച്ചു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മേഖലയിലെ തന്ത്രപ്രധാനമായ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. ഖത്തറിന്റെ സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് എല്ലാ കക്ഷികളും പിന്തിരിയണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles