31 C
Saudi Arabia
Friday, April 3, 2026
spot_img

വിവാദ അനൗൺസ്‌മെന്റ്: ശബ്ദം സി.പി.എം നേതാവിന്റേതെന്ന് യു.ഡി.എഫ്; പേരാമ്പ്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു

കോഴിക്കോട് : എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ നിന്നും ഉയർന്ന വർഗീയ ചുവയുള്ള അനൗൺസ്‌മെന്റിന് പിന്നിൽ ഒരു പ്രമുഖ സി.പി.എം നേതാവാണെന്ന പുതിയ വെളിപ്പെടുത്തലുമായി യു.ഡി.എഫ്. വിവാദമായ ശബ്ദസന്ദേശം റെക്കോർഡ് ചെയ്തത് ഒരു സി.പി.എം നേതാവാണെന്നും ഇതിന് വ്യക്തമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും യു.ഡി.എഫ് നേതൃത്വം അവകാശപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയയെ ലക്ഷ്യമിട്ട് നടത്തിയ ഈ പ്രചാരണം വോട്ടർമാർക്കിടയിൽ ബോധപൂർവം വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അവർ കുറ്റപ്പെടുത്തി.

വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ ടി.പി. രാമകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദത്തിന് പിന്നിലെ വ്യക്തിയെക്കുറിച്ചുള്ള ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകൾക്ക് പകരം വ്യക്തിഹത്യയും മതപരമായ വിദ്വേഷവും പ്രചരിപ്പിക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്നും, ഇതിനായി പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടുവെന്നത് ഗൗരവകരമാണെന്നും യു.ഡി.എഫ് ജില്ലാ നേതൃത്വം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും കൂടുതൽ തെളിവുകൾ കൈമാറാനാണ് യു.ഡി.എഫിന്റെ തീരുമാനം.

എന്നാൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തോൽവി ഭയന്നുള്ള യു.ഡി.എഫിന്റെ കള്ളപ്രചാരണമാണിതെന്നുമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ പ്രതികരണം. മണ്ഡലത്തിലെ വികസന ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അവർ ആരോപിച്ചു. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പേരാമ്പ്രയിൽ ഈ അനൗൺസ്‌മെന്റ് വിവാദം വലിയ രാഷ്ട്രീയ തർക്കങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles