ഐഷെ ഘോഷിനെതിരായ അറസ്റ്റ് നീക്കം പ്രക്ഷോഭകരെ ഭയപ്പെടുത്താൻ; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി അപലപിച്ച് സി.പി.ഐ.എം എം.പി ജോൺ ബ്രിട്ടാസ്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തി ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം ജോൺ ബ്രിട്ടാസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഒഴിവായത്. 2021-ലെ പഴയ കേസ് കുത്തിപ്പൊക്കി അറസ്റ്റ് ചെയ്യാൻ തുനിഞ്ഞത് ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ഇതിന് ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനാണെന്ന് എ.കെ.ജി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.

ജന്തർ മന്ദർ സമരത്തിൽ പങ്കെടുത്തവരെ വേട്ടയാടാനും ഭയപ്പെടുത്താനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സമരരംഗത്തുള്ള ആരെയും വെറുതെ വിടില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. യൂണിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയാണ് പോലീസ് സംഘം പാർട്ടി ഓഫീസിലെത്തിയതെന്നും, ഡൽഹിയിൽ കുറച്ചുദിവസങ്ങളായി തുടരുന്ന നരനായാട്ടിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’ തയ്യാറാക്കിയ ‘ഹിറ്റ്ലിസ്റ്റിൽ’ തന്റെ പേര് ഉൾപ്പെടുത്തിയതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു. സമരത്തിൽ പങ്കെടുത്ത അപകടകാരികളുടെ പട്ടികയെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മൂന്നാം സ്ഥാനത്ത് തന്റെ പേര് വന്നെത്തിയത് ഒരു അംഗീകാരവും ബഹുമതിയുമായാണ് കാണുന്നതെന്ന് ബ്രിട്ടാസ് കുറിച്ചു. സമരത്തെ അധിക്ഷേപിക്കാനും ചൈനീസ് ബന്ധം ആരോപിക്കാനും ഗോദി മീഡിയയും ആർ.എസ്.എസും ശ്രമിക്കുകയാണ്. യുവാക്കളുടെ ഉള്ളിൽ അടിഞ്ഞുകൂടിയ രോഷമാണ് പ്രക്ഷോഭമായി ഉയർന്നുവന്നതെന്നും അത്തരം ഭീഷണികളോ പട്ടികകളോ കണ്ടു സമരരംഗത്തുനിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles