ന്യൂഡൽഹി: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി ഭവനിൽ എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന്റെ അപ്രതീക്ഷിത നീക്കം. എന്നാൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പോലീസ് സംഘം അറസ്റ്റ് നടപടികൾ ഉപേക്ഷിച്ച് മടങ്ങി. യൂണിഫോം ധരിച്ച ഒരു പുരുഷ പോലീസും വനിതാ പോലീസും ഒപ്പം നെയിം പ്ലേറ്റില്ലാത്ത സിവില് വേഷത്തിലുള്ള ഒരു വനിതാ പോലീസുമാണ് എ.കെ.ജി ഭവനിലെത്തിയത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനാണെങ്കിൽ യൂണിഫോമിലും കൃത്യമായ നെയിം പ്ലേറ്റ് ധരിച്ചും വേണം വരാനെന്ന് ബ്രിട്ടാസ് എം.പി നിലപാടെടുത്തതോടെയാണ് പോലീസ് മടങ്ങിയത്. പോലീസിന്റെ ഈ നടപടി തികച്ചും ധിക്കാരപരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിലും ജന്തർ മന്ദറിലെ നിരാഹാര സമരത്തിലും സി.ജെ.പി, ഐസ, എ.ഐ.എസ്.എഫ് എന്നീ സംഘടനകൾക്കൊപ്പം എസ്.എഫ്.ഐ നേതാവായ ഐഷെ ഘോഷും സജീവമായിരുന്നു. 2021-ലെ സമരവുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന ഒരു പഴയ കേസിന്റെ പേര് പറഞ്ഞാണ് പോലീസ് എത്തിയതെന്ന് എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജി പറഞ്ഞു. വിദ്യാർത്ഥി സമരങ്ങൾക്ക് മുൻനിരയിലുള്ള ഐഷെയെ ബോധപൂർവം ട്രാക്ക് ചെയ്താണ് പോലീസ് കേന്ദ്ര ആസ്ഥാനത്തേക്ക് എത്തിയതെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സംഘപരിവാർ പോലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥികളെ വേട്ടയാടുകയാണെന്നും ആദർശ് ആരോപിച്ചു. ഇത്തരത്തിലുള്ള പോലീസിനെ ഉപയോഗിച്ചുള്ള ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ എ.കെ.ജി ഭവനിലെത്തിയ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ പോലീസിന്റെ ഈ പ്രവർത്തി കേവലം ‘തെമ്മാടിത്തം’ മാത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുൻപ് ജന്തർ മന്ദറിൽ നിന്ന് സോനം വാങ്ചുക്കിനെ കൊണ്ടുപോയതിന് സമാനമായി, നെയിം പ്ലേറ്റ് പോലും ധരിക്കാതെ എത്തി ഐഷെ ഘോഷിനെയും രഹസ്യമായി അറസ്റ്റ് ചെയ്തു കൊണ്ടുപോകാനായിരുന്നു പോലീസിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



