കാൻബറ: ഹർമുസ് കടലിടുക്ക് തടഞ്ഞതിലൂടെ ഇറാൻ ലോകമെമ്പാടും ബോധപൂർവം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെണ്ണി വോങ് ആരോപിച്ചു. ഹർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടന്റെ നേതൃത്വത്തിൽ 40 രാജ്യങ്ങൾ പങ്കെടുത്ത വെർച്വൽ യോഗത്തിന് പിന്നാലെയാണ് ഇറാനെതിരെ കടുത്ത വിമർശനവുമായി ഓസ്‌ട്രേലിയ രംഗത്തെത്തിയത്. ടെഹ്‌റാന്റെ ഈ നടപടി ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, ഇതിന്റെ ഭാരം ഏറ്റവും കൂടുതൽ ചുമക്കേണ്ടി വരുന്നത് ലോകത്തിലെ സാധാരണക്കാരാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഹർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിനും ഗതാഗതം സാധാരണ നിലയിലാക്കുന്നതിനുമായി രാജ്യങ്ങൾ സ്വീകരിക്കേണ്ട നയതന്ത്രപരമായ നീക്കങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായതെന്ന് പെണ്ണി വോങ് വ്യക്തമാക്കി. ഇക്കാര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും കൂട്ടായ പ്രവർത്തനവും അനിവാര്യമാണെന്ന് വിവിധ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ സമ്മതിച്ചു. അതേസമയം, ഇറാാനെതിരെ സൈനിക നടപടിക്കോ ഇറാൻ മണ്ണിൽ സൈന്യത്തെ ഇറക്കാനോ ഓസ്‌ട്രേലിയ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കാനും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനുമാണ് ഓസ്‌ട്രേലിയൻ സർക്കാർ മുൻഗണന നൽകുന്നതെന്നും പെണ്ണി വോങ് എക്സിലൂടെ അറിയിച്ചു.



