വാഷിങ്ടൺ: ഇറാനിൽ തകർന്നുവീണ അമേരിക്കൻ എഫ്-15ഇ (F-15E) യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ ഉദ്യോഗസ്ഥനെ അതിസാഹസികമായ നീക്കത്തിലൂടെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. ‘വെപ്പൺസ് സിസ്റ്റംസ് ഓഫീസർ’ ആയ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനെയാണ് ശത്രുമേഖലയിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ചത്. ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാനിലെ ദുർഘടമായ മലനിരകളിൽ ഒളിച്ചിരുന്ന ഇദ്ദേഹത്തെ ശത്രുസൈന്യം വേട്ടയാടിക്കൊണ്ടിരിക്കെയാണ് അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
രക്ഷാദൗത്യത്തിനായി ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളെയാണ് അമേരിക്ക നിയോഗിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ച ശേഷമാണ് കൃത്യമായ ആസൂത്രണത്തോടെ ദൗത്യം നടപ്പിലാക്കിയത്. ഒരു അമേരിക്കൻ സൈനികന് പോലും ജീവഹാനിയോ പരിക്കോ ഏൽക്കാതെ രണ്ട് ഉദ്യോഗസ്ഥരെയും രക്ഷിക്കാൻ സാധിച്ചത് ഇറാന്റെ ആകാശത്ത് അമേരിക്ക നേടിയെടുത്ത സമ്പൂർണ്ണ ആധിപത്യത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ വിമാനം തകർന്ന ഉടൻ തന്നെ പൈലറ്റിനെ രക്ഷപ്പെടുത്തിയിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ തിരച്ചിൽ-രക്ഷാ ദൗത്യങ്ങളിലൊന്നാണ് ഇതെന്നും ട്രംപ് വിശേഷിപ്പിച്ചു.



