വാഷിങ്ടൺ: ഇറാനിൽ കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പ്രതിഷേധക്കാർക്ക് അമേരിക്കൻ ഭരണകൂടം ആയുധങ്ങൾ എത്തിച്ചു നൽകിയിരുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രക്ഷോഭകാരികളെ ശാക്തീകരിക്കുന്നതിനായി വൻതോതിൽ തോക്കുകൾ അയച്ചിരുന്നതായും കുർദ് വിഭാഗം വഴിയാണ് ഇവ കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അയച്ചുകൊടുത്ത ആയുധങ്ങളിൽ നല്ലൊരു ഭാഗം കുർദുകൾ തന്നെ കൈവശം വെച്ചതായാണ് താൻ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ സംയുക്ത വ്യോമാക്രമണം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ ഇറാൻ സർക്കാരിനെ അസ്ഥിര പ്പെടുത്താനുള്ള നീക്കങ്ങളിൽ വാഷിംഗ്ടൺ നേരിട്ട് ഇടപെട്ടിരുന്നുവെന്നാണ് ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. ഇറാൻ ഉദ്യോഗസ്ഥരുമായി യൂറോപ്പിൽ വെച്ച് ചർച്ചകൾ നടക്കുമ്പോൾ തന്നെ മറുവശത്ത് പ്രക്ഷോഭകാരികൾക്ക് ആയുധം നൽകുന്ന നടപടികളുമായി അമേരിക്ക മുന്നോട്ടുപോയിരുന്നു.
ഇറാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് മുൻപ് പറഞ്ഞിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, ട്രംപിന്റെ ഈ പുതിയ പ്രസ്താവന മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ പ്രക്ഷുബ്ധമാക്കും. ട്രംപിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്.



