21.1 C
Saudi Arabia
Monday, April 6, 2026
spot_img

പയ്യന്നൂർ സി.പി.എം ഓഫീസ് നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതി; എം.എൽ.എയ്ക്കെതിരെ രേഖകളുമായി വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന വൻ സാമ്പത്തിക ക്രമക്കേടുകളിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് മുൻ ഏരിയ കമ്മിറ്റി അംഗവും നിലവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. എം.എൽ.എ ടി.ഐ. മധുസൂദനൻ, ടി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ധനാപഹരണം നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയത്. 2016-ൽ സഹകരണ ജീവനക്കാരിൽ നിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപയും അതിന്റെ പലിശയും കെട്ടിട നിർമ്മാണ ഫണ്ടിന്റെ വരവിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് പ്രധാന ആരോപണം. ഈ ക്രമക്കേട് മറച്ചുവെക്കാൻ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വകമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഓഫീസ് നിർമ്മാണത്തിൽ തുക മിച്ചമുണ്ടായിരിക്കെയാണ് ഫണ്ട് തികഞ്ഞില്ലെന്ന് കാണിച്ച് രക്തസാക്ഷി ഫണ്ട് ഉപയോഗപ്പെടുത്തിയത്.

ക്രമക്കേടുകൾ ഒളിപ്പിക്കാൻ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ മിനുട്സ് ബുക്ക് കടത്തിയെന്നും വരവ് കുറഞ്ഞത് ചോദ്യം ചെയ്തപ്പോൾ പഴയ വൗച്ചറുകൾ ഉപയോഗിച്ച് ചെലവ് കൂട്ടി കാണിച്ച് കണക്കുകൾ ഒപ്പിക്കാൻ ശ്രമിച്ചതായും കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. 2017-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത എ.കെ.ജി മന്ദിരത്തിന്റെ കണക്കുകൾ അവതരിപ്പിക്കാൻ 2021 വരെ നേതൃത്വം മനഃപൂർവ്വം കാലതാമസം വരുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യം അവതരിപ്പിച്ച കണക്കുകളിൽ 42,337 രൂപയുടെ കടമാണ് കാണിച്ചിരുന്നത്. എന്നാൽ സഹകരണ വിഹിതം കൂടി ചേർത്താൽ വൻ തുക മിച്ചം വരുമെന്ന് കണ്ടതോടെ, അത് മറികടക്കാൻ 31.5 ലക്ഷം രൂപയുടെ അധിക ചെലവ് കൃത്രിമമായി ഉണ്ടാക്കിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

നേതൃത്വത്തിലെ ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് എതിരെയാണ് തന്റെ പോരാട്ടമെന്നും സത്യം പറഞ്ഞതിന് തന്നെ വർഗ്ഗവഞ്ചകനായി മുദ്രകുത്തി വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചവർ അഴിമതിക്കാരാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പ്രസ്ഥാനത്തെ ധനസമ്പാദനത്തിന് ഉപയോഗിക്കുന്നവർ അധ്വാനവർഗ്ഗത്തെ വഞ്ചിക്കുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിലെ സി.പി.എം സംവിധാനങ്ങളെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ.

 

Related Articles

- Advertisement -spot_img

Latest Articles