തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പൂർത്തിയായി. ഏപ്രിൽ ഒൻപതിന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽക്കേ വോട്ടർമാരുടെ വലിയ നിര ബൂത്തുകൾക്ക് മുന്നിൽ ദൃശ്യമായിരുന്നു. പ്രത്യേകിച്ച് മലബാർ മേഖലയിലും മധ്യകേരളത്തിലും വോട്ടർമാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.നാല് മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിലാണ് പോളിംഗ്. കുന്നത്തുനാട് 81.99, ചിറ്റൂര്‍81, കുന്നമംഗലം 80.35, അരൂര്‍ 80 ശതമാനമാണ് പോളിങ്.
ഉച്ചയ്ക്ക് ശേഷവും പോളിങ് നില മെച്ചപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും വോട്ട് രേഖപ്പെടുത്താനെത്തി. സംസ്ഥാനത്തെ 30,000-ത്തിലധികം പോളിങ് സ്റ്റേഷനുകളിലും സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നത്. വിപുലമായ സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ വെബ്കാസ്റ്റിംഗ് സംവിധാനങ്ങൾ പോളിങ് പ്രക്രിയ സുതാര്യമാക്കാൻ സഹായിച്ചു. ആവേശകരമായ ഈ വിധിയെഴുത്തിന്റെ ഫലം മെയ് നാലിനായിരിക്കും പുറത്തുവരിക.



