തിരുവനന്തപുരം :ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’ എന്ന ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്റർ അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും പൊതുജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുകയാണ്. വ്യാജവാർത്തയെ തുടർന്ന് നിരവധി ആളുകളാണ് സൈബർ ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ ബന്ധപ്പെടുന്നത്.
ഗൂഗിൾ പേയിൽ ഔദ്യോഗികമായി ലഭ്യമായ ഒരു ഫീച്ചറാണ് പോക്കറ്റ് മണി. കുട്ടികൾക്കും മറ്റും ഒരു നിശ്ചിത തുക പോക്കറ്റ് മണിയായി നൽകുന്നതിനും അവരുടെ ചെലവുകൾ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ ഈ ഫീച്ചർ സംബന്ധിച്ച് സൈബർ തട്ടിപ്പുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ പൊതുജനങ്ങൾ ഇത്തരം പ്രചാരണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.
ഉപഭോക്താവിന്റെ അനുമതിയോ യുപിഐ പിൻ നമ്പറോ ഇല്ലാതെ ഗൂഗിൾ പേ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കി
എന്നാൽ, ഔദ്യോഗിക ആപ്പുകളിലെ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഗൂഗിൾ പേ റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും അത് ക്ലെയിം ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വിശ്വസിക്കരുത്. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം. പണം സ്വീകരിക്കുന്നതിന് ഒരിക്കലും യുപിഐ പിൻ നൽകേണ്ടതില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. ആരെങ്കിലും പണം വാഗ്ദാനം ചെയ്ത് പിൻ നമ്പറോ ഒടിപിയോ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം.
വ്യാജവാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.



