കൊച്ചി: ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ പ്രവാസലോകത്തുനിന്ന് ആവേശത്തോടെ എത്തിയ മലയാളിക്ക് നിരാശ. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിക്കാണ് നിശ്ചിത സമയം കഴിഞ്ഞെത്തിയതിനാൽ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്. വോട്ടെടുപ്പ് അവസാനിക്കുന്ന വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് ഇദ്ദേഹം പോളിങ് ബൂത്തിൽ എത്തിയത്.
കളമശ്ശേരി ചങ്ങമ്പുഴ നഗർ സ്വദേശി ഷാൽബിനാണ് അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിൽ വോട്ടവകാശം നഷ്ടമായത്. കുവൈത്തിൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷാൽബിൻ വോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. എന്നാൽ പോളിങ് സമയം കഴിഞ്ഞ് അഞ്ച് മിനിറ്റ് പിന്നിട്ട് 6:05-ന് ബൂത്തിലെത്തിയ അദ്ദേഹത്തിന് വോട്ട് ചെയ്യാനായില്ല. സൗദി വഴിയുള്ള വിമാനയാത്രയിൽ നേരിട്ട ഒരു മണിക്കൂർ താമസവും വിമാനത്താവളത്തിൽ ബാഗേജ് ലഭിക്കാൻ വൈകിയതുമാണ് ഷാൽബിന്റെ യാത്ര വൈകിച്ചത്. കൃത്യം നാലേമുക്കാലിന് കളമശ്ശേരിയിൽ എത്തേണ്ടതായിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിത തടസ്സങ്ങൾ കാരണം അഞ്ച് മിനിറ്റ് വൈകിപ്പോയെന്നും അദ്ദേഹം സങ്കടത്തോടെ പറഞ്ഞു.
കളമശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിന് സമീപത്തുള്ള ബൂത്തിലാണ് ഷാൽബിൻ വോട്ട് ചെയ്യാനെത്തിയത്. കൃത്യസമയത്ത് എത്താൻ പരമാവധി ശ്രമിച്ചെങ്കിലും ആറ് മണിക്ക് തന്നെ പ്രധാന ഗേറ്റ് അടച്ചതിനാൽ പോളിങ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ അനുമതി നൽകിയില്ല. വോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ ലക്ഷങ്ങൾ ചിലവാക്കി നാട്ടിലെത്തിയെങ്കിലും, യാത്രാമധ്യേയുണ്ടായ അപ്രതീക്ഷിത തടസ്സങ്ങൾ കാരണം ബൂത്തിലെത്താൻ മിനിറ്റുകൾ വൈകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് തന്നെ പോളിങ് അവസാനിപ്പിച്ചതോടെയാണ് കടൽ കടന്നെത്തിയ ഇദ്ദേഹത്തിന് തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവാതെ മടങ്ങേണ്ടി വന്നത്.



