29.4 C
Saudi Arabia
Monday, April 13, 2026
spot_img

ഹോർമുസ് ഉപരോധം: ലോകം യുദ്ധഭീതിയിൽ; ഇന്ത്യയുടെ എണ്ണ ഇറക്കുമതി അവതാളത്തിലാകും

വാഷിംഗ്ടൺ: ആഗോള സാമ്പത്തിക മേഖലയെയും കപ്പൽ ഗതാഗതത്തെയും മുനയിൽ നിർത്തുന്ന കടുത്ത നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം യുഎസ് നാവികസേന ഭാഗികമായി ഉപരോധിക്കുമെന്നും ഇറാന്റെ നിബന്ധനകൾ അംഗീകരിച്ച് ടോൾ നൽകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള ഇസ്‌ലാമബാദ് സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് മേഖലയെ നടുക്കുന്ന ഈ നീക്കം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തകർക്കാൻ യുഎസ് നാവികസേനയ്ക്ക് ട്രംപ് നേരിട്ട് ഉത്തരവ് നൽകിയിട്ടുണ്ട്. ഇറാൻ നിയമവിരുദ്ധമായി ടോൾ ഈടാക്കി ആ പണം ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കുകയാണെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം.

ഈ പ്രഖ്യാപനത്തോടെ കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ കപ്പലുകളെ നിരീക്ഷിക്കാനും ഇറാന് പണം നൽകുന്നവ തടയാനും യുഎസ് നാവികസേന നടപടികൾ ആരംഭിച്ചു. ഇറാൻ സ്ഥാപിച്ചിട്ടുള്ള സമുദ്ര മൈനുകൾ നശിപ്പിക്കാനും യുഎസ് നീക്കമുണ്ട്. സമാധാനപരമായ ഗതാഗതത്തിന് തടസ്സം നിൽക്കുകയോ വെടിയുതിർക്കുകയോ ചെയ്താൽ ഇറാന് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ലോകം ഉറ്റുനോക്കിയ ഇസ്‌ലാമബാദ് ചർച്ചകളിൽ ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് തിരിച്ചടിയായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചു. എന്നാൽ അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും സമാധാന ശ്രമങ്ങളിൽ അവർക്ക് ആത്മാർത്ഥതയില്ലെന്നുമാണ് ഇതിന് ഇറാൻ നൽകിയ മറുപടി.

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന പാതയായതിനാൽ അമേരിക്കയുടെ ഈ ഉപരോധം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ വരവിനെയും വ്യാപാര കപ്പലുകളുടെ സുരക്ഷയെയും സാരമായി ബാധിക്കും. പശ്ചിമേഷ്യയിൽ മറ്റൊരു നേരിട്ടുള്ള യുദ്ധമുഖം തുറക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ലോകരാജ്യങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles