26.7 C
Saudi Arabia
Monday, April 13, 2026
spot_img

യുഎഇ – ചൈന ബന്ധം കരുത്തുറ്റതാകുന്നു; 24 പുതിയ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു

ബീജിംഗ്: യുഎഇയും ചൈനയും തമ്മിലുള്ള സാമ്പത്തിക-തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചൈന സന്ദർശനത്തോടനുബന്ധിച്ച് ബീജിംഗിൽ നടന്ന ബിസിനസ് പ്രമോഷൻ കോൺഫറൻസിലാണ് ഇരുരാജ്യങ്ങളും 24 പുതിയ കരാറുകളിൽ ഒപ്പുവച്ചത്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാറുകൾ. ‘ദർശനത്തിൽ നിന്ന് മൂല്യത്തിലേക്ക്’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലയിലെ ബിസിനസുകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുനൽകുന്നതാണ്.

യുഎഇയും ചൈനയും തമ്മിലുള്ള എണ്ണയിതര വ്യാപാരം റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങൾ. 2025-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം ആദ്യമായി 100 ബില്യൺ ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് 24.5% വളർച്ചയോടെ 111.5 ബില്യൺ ഡോളറിൽ എത്തിയാണ് ചരിത്രപരമായ നേട്ടം കൈവരിച്ചത്. ബന്ധം വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടന്നതായും ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ സാമ്പത്തിക ഫലങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യമെന്നും വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കി.

നിലവിൽ യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. രാജ്യത്തിന്റെ മൊത്തം എണ്ണയിതര വ്യാപാരത്തിന്റെ 11 ശതമാനവും ചൈനയുമായാണ് നടക്കുന്നത്. അറബ് ലോകത്തേക്കും ആഫ്രിക്കൻ വിപണികളിലേക്കുമുള്ള ചൈനയുടെ പ്രധാന കവാടമായി ഇതിനകംതന്നെ യുഎഇ മാറിക്കഴിഞ്ഞു. പുതിയ കരാറുകൾ ഒപ്പുവച്ചതോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയും ചൈനയിലേക്കുള്ള കയറ്റുമതിയും കൂടുതൽ വിപുലീകരിക്കാനും ഊർജ്ജ-സാങ്കേതിക മേഖലകളിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ എത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles