ബൈറൂത്ത്: ലെബനനിലെ ആരോഗ്യ മേഖലയെയും പാരാമെഡിക്കൽ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നു. ഏറ്റവും ഒടുവിലായി നടന്ന മൂന്ന് മിസൈൽ ആക്രമണങ്ങളിൽ നാല് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്ന ജനലുകളും പൊട്ടിത്തെറിച്ച ടയറുകളുമായി രണ്ട് ആംബുലൻസുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ട നിലയിലാണെന്നും എട്ടോളം വരുന്ന സംഘത്തിലെ മിക്കവരും രക്തത്തിൽ കുളിച്ചാണ് റോഡിലും വാഹനത്തിനകത്തും കിടന്നിരുന്നതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. അടിവയറ്റിൽ നിന്ന് രക്തം വാർന്നൊഴുകുന്ന അവസ്ഥയിലും ബോധം നഷ്ടപ്പെടാതിരിക്കാൻ സഹപ്രവർത്തകനെ ചേർത്തുപിടിച്ച് കേഴുന്ന ആംബുലൻസ് ഡ്രൈവറുടെ കാഴ്ച ഹൃദയഭേദക മായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന 43-കാരനായ മെഡിക് മുഹമ്മദ് ജാബർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റാൻ ജീവനക്കാർ ഓടിനടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ടീം ലീഡർ മെഹ്ദി അബു സെയ്ദ് വാഹനത്തിന്റെ വാതിലുകൾ അടയ്ക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അടുത്ത പ്രഹരമേറ്റത്. അതിർത്തിയിലെ പോരാളികളെ ലക്ഷ്യം വെക്കുന്നതിന് പകരം എന്തിനാണ് സമാധാനാന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും സാധാരണക്കാരെയും ഇസ്രായേൽ വേട്ടയാടുന്നത് എന്ന് മുഹമ്മദ് ജാബർ ചോദിക്കുന്നു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും അതുവഴി ഹിസ്ബുള്ളയ്ക്ക് എതിരായി ജനവികാരം തിരിച്ചുവിടുകയുമാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ലെബനനിലെ ആരോഗ്യ സംവിധാനങ്ങളെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു. ഇതിനോടകം നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരാണ് മേഖലയിൽ കൊല്ലപ്പെട്ടത്.



