ബൈറൂത്ത്: തെക്കൻ ലബനനിൽ വെടിനിർത്തൽ കരാർ നിലനിൽക്കെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മാധ്യമപ്രവർത്തക ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലബനീസ് ദേശീയ വാർത്താ ഏജൻസി (NNA) റിപ്പോർട്ട് ചെയ്തു. തെക്കൻ ലബനനിലെ അത്ത്-തിരി ഗ്രാമത്തിൽ ഒരു കാറിന് നേരെ ഇസ്രായേൽ നടത്തിയ ആദ്യ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട വാഹനമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. ഈ ആക്രമണത്തിന് പിന്നാലെ വാർത്ത റിപ്പോർട്ട് ചെയ്യാനായി സംഭവസ്ഥലത്തെത്തിയ ‘അൽ അഖ്ബാർ’ പത്രത്തിലെ മാധ്യമപ്രവർത്തക അമൽ ഖലീൽ ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. ആക്രമണത്തിന് ഇരയായ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ അമലിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹപ്രവർത്തകയായ സൈനബ് ഫറജിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
പ്രദേശത്ത് ഇസ്രായേൽ ആക്രമണം തുടർന്നതിനാൽ റെഡ് ക്രോസിനും മറ്റ് രക്ഷാപ്രവർത്തകർക്കും ഏറെ വൈകിയാണ് അപകടസ്ഥലത്ത് എത്താൻ സാധിച്ചത്. രക്ഷാപ്രവർത്തകർ എത്തുന്നത് തടയാനായി ഇസ്രായേൽ പ്രധാന റോഡുകൾക്ക് നേരെയും ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മാധ്യമപ്രവർത്തകർ അഭയം പ്രാപിച്ച കെട്ടിടം ലക്ഷ്യം വെച്ച് ഇസ്രായേൽ ആക്രമണം നടത്തിയതിനെ ലബനീസ് ആരോഗ്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. എന്നാൽ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്നില്ലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം. ഇതിന് പുറമെ യോഹ്‌മോർ അൽ-ഷാഖിഫ് നഗരത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ആവർത്തിച്ചുള്ള ഇത്തരം ആക്രമണങ്ങൾ മേഖലയിലെ ദുർബലമായ വെടിനിർത്തൽ കരാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസവും ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.



