കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ച് 92.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കൻ ബംഗാൾ ഉൾപ്പെടെയുള്ള 16 ജില്ലകളിലായി 152 മണ്ഡലങ്ങൾ ജനവിധി തേടിയ ഈ ഘട്ടത്തിൽ സ്ത്രീ വോട്ടർമാരുടെ ഉൾപ്പെടെ വൻ പ്രവാഹമാണ് ദൃശ്യമായത്. 2021-ലെ 82.64 ശതമാനമെന്ന കണക്കിനെ നിഷ്പ്രഭമാക്കുന്നതാണ് ഇത്തവണത്തെ കുതിപ്പ്. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം ഘട്ടം കൂടി കഴിയുന്നതോടെ രാജ്യം കണ്ട ഏറ്റവും വലിയ പോളിംഗ് ശതമാനത്തിലേക്ക് ബംഗാൾ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഉയർന്ന പോളിംഗ് ഭരണവിരുദ്ധ തരംഗമാണെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോൾ, ന്യൂനപക്ഷ-സ്ത്രീ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി ലഭിച്ചുവെന്ന ഉറച്ച വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. ബംഗാളിന്റെ ഡ്രൈവിംഗ് സീറ്റിൽ തൃണമൂൽ എത്തിക്കഴിഞ്ഞുവെന്നും ജനങ്ങൾ ബി.ജെ.പിയെ തൂത്തെറിയുകയാണെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഏകദേശം 2.4 ലക്ഷം സൈനികരെ വിന്യസിച്ച് പട്ടാളഭരണത്തിന് തുല്യമായ സാഹചര്യം ഒരുക്കിയിട്ടും ജനങ്ങൾ തൃണമൂലിനൊപ്പം നിന്നുവെന്ന് അഭിഷേക് ബാനർജി അവകാശപ്പെട്ടു.
അതേസമയം, രണ്ടാം ഘട്ട പ്രചാരണത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മമത സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മെയ് 4-ന് തൃണമൂൽ സർക്കാരിന്റെ കാലാവധി തീരുന്ന ‘എക്സ്പയറി ഡേറ്റ്’ ആയിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ഒപ്പം വൻ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. ബി.ജെ.പി അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപ, ബിരുദ പഠനത്തിന് 50,000 രൂപ, വീട് നിർമ്മാണത്തിന് 1.5 ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ.
റെക്കോർഡ് പോളിംഗിനിടയിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. നൗദയിൽ പെട്രോൾ ബോംബേറിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ആം ജനത ഉന്നായൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിനെതിരെ ടി.എം.സി പ്രവർത്തകർ പ്രതിഷേധിച്ചതോടെ കേന്ദ്രസേന ലാത്തിചാർജ് നടത്തി. സൗത്ത് ദിനാജ്പൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുബേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചതായും അസൻസോൾ ദക്ഷിണിലെ സ്ഥാനാർത്ഥി അഗ്നിമിത്ര പോളിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ബിർഭൂമിൽ ബി.ജെ.പി ഏജന്റിന് തലയ്ക്ക് പരിക്കേൽക്കുകയും സി.ആർ.പി.എഫ് ജവാന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലും റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം അനിഷ്ട സംഭവങ്ങൾ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിർത്തുന്നുണ്ട്.



