തേനി: കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും രണ്ട് മരണം. സൂര്യ, ദീന ദയാലൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് നൽകിയ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ നിർമ്മാണശാല തുറന്ന ഉടനെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ ഷട്ടർ തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. അടഞ്ഞുകിടന്ന കെട്ടിടത്തിനുള്ളിൽ രൂപപ്പെട്ട വിഷവാതകമാകാം സ്ഫോടനത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിർമ്മാണശാല തുറന്ന സമയത്ത് കൂടുതൽ തൊഴിലാളികൾ സ്ഥലത്തെത്താതിരുന്നത് വലിയൊരു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു വരികയാണ്.



