ബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സായുധ സംഘങ്ങൾ നടത്തിയ ഏകോപിത ആക്രമണങ്ങളിൽ പ്രതിരോധ മന്ത്രി ജനറൽ സാഡിയോ കാമറ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മുതൽ തലസ്ഥാനമായ ബമാകോയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന അതിശക്തമായ ആക്രമണങ്ങൾക്കിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബമാകോയ്ക്ക് സമീപമുള്ള കതിയിലെ സൈനിക താവളത്തിന് നേരെയും മന്ത്രിയുടെ വസതിക്ക് നേരെയുമുണ്ടായ ചാവേർ കാർ ബോംബ് ആക്രമണമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. മാലിയിലെ സൈനിക ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു സാഡിയോ കാമറ.
അൽ ഖ്വയ്ദയുമായി ബന്ധമുള്ള ജെ.എൻ.ഐ.എം (JNIM), തുവാരെഗ് വിമതർ എന്നിവർ സംയുക്തമായാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. ബമാകോ വിമാനത്താവളം, കതി സൈനിക താവളം, വടക്കൻ നഗരങ്ങളായ ഗാവോ, കിഡാൽ, സെവാരെ എന്നിവിടങ്ങളിൽ ഒരേസമയം വെടിവെപ്പും സ്ഫോടനങ്ങളും നടന്നത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ബമാകോയിൽ 72 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തി. നൂറുകണക്കിന് ഭീകരരെ വധിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മാലി സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം. പ്രസിഡന്റ് അസിമി ഗോയിറ്റ സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.



