തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഔദ്യോഗികമായി ക്ഷണിച്ചു. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സതീശൻ, നിയമസഭാകക്ഷി യോഗത്തിന് ശേഷം എം.എൽ.എമാരുടെ പിന്തുണക്കത്തുമായാണ് ഗവർണറെ കാണാൻ എത്തിയത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ ഹാളിൽ നടക്കും. ഇതിനെത്തുടർന്ന് മെയ് 18-ന് മന്ത്രിമാരും മെയ് 22-ന് എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നിട്ടുണ്ട്. തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകുമെന്ന് വ്യക്തമാക്കിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ മന്ത്രിസഭയിലേക്ക് താനില്ലെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സതീശനും പുതിയ സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളാണ് തനിക്ക് വലുതെന്നും അദ്ദേഹം കൂട്ടിചേർത്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെ” എന്ന് ചിരിച്ചുകൊണ്ട് മറുപടി നൽകിയ അദ്ദേഹം, കേരളത്തിലെ കാര്യമായതിനാലാണ് പ്രഖ്യാപന സമയത്ത് മാറിനിന്നതെന്നും വിശദീകരിച്ചു.



