തിരുവനന്തപുരം: 11 ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതോടെ കേരളത്തിൽ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഊർജ്ജിത ചർച്ചകൾക്ക് തുടക്കമായി. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് 12 മന്ത്രിസ്ഥാനങ്ങൾ വരെ ലഭിക്കാനാണ് സാധ്യത. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകും. കേരള കോൺഗ്രസ് (ജോസഫ്), ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കുമെന്നാണ് പ്രാഥമിക സൂചനകൾ. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികൾ കോൺഗ്രസ് തന്നെ ഏറ്റെടുക്കും. രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവിയോ മറ്റൊരു കാബിനറ്റ് റാങ്ക് പദവിയോ നൽകാനാണ് സാധ്യത. മുന്നണിയിലെ അസോസിയേറ്റ് അംഗങ്ങളായ കെ.കെ രമ, മാണി സി. കാപ്പൻ എന്നിവരെ ടേം വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ചയിലുണ്ട്.
കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ് തുടങ്ങി വലിയൊരു നിര തന്നെ മന്ത്രിസ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത പശ്ചാത്തലത്തിൽ മന്ത്രിസഭയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ കെ.സി. വേണുഗോപാൽ പക്ഷം ശ്രമിക്കുന്നുണ്ട്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണെങ്കിലും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ തുടങ്ങിയവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. തദ്ദേശവകുപ്പ് ഏകീകരിച്ചതിനാൽ ഫിഷറീസ് വകുപ്പ് കൂടി വേണമെന്ന ആവശ്യം ലീഗ് ഉന്നയിക്കും. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫും ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോണും സി.എം.പിയിൽ നിന്ന് സി.പി. ജോണും മന്ത്രിസഭയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നിയമസഭാകക്ഷി യോഗം ഔദ്യോഗികമായി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. ഗവർണറെ കണ്ട ശേഷം സതീശൻ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച അന്തിമ ധാരണ വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഉണ്ടാകും. മെയ് 21-ന് നിയമസഭ ചേരുമ്പോൾ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കും.



