മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കമായതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളുടെ സംഗമഭൂമിയായി വിശുദ്ധ നഗരമായ മക്ക മാറി. അറബിക്ക് പുറമെ ഉറുദു, ഇന്തോനേഷ്യൻ, ടർക്കിഷ്, പേർഷ്യൻ, ബംഗാളി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വാഹിലി തുടങ്ങി നൂറിലധികം വിദേശ ഭാഷകളാണ് ഇപ്പോൾ ഹറം പരിസരത്ത് ഒരേസമയം കേൾക്കുന്നത്. വംശീയവും സാംസ്കാരികവുമായ ഈ വലിയ വൈവിധ്യങ്ങൾക്കിടയിലും, പ്രാർത്ഥനകളുടെയും ത്വവാഫ് അടക്കമുള്ള ആരാധനാ കർമ്മങ്ങളുടെയും ഏകീകൃത സ്വഭാവം ലോക മുസ്ലിംകളുടെ സമാനതകളില്ലാത്ത ഐക്യത്തിന്റെ വിളംബരമായി മാറുന്നു. തീർത്ഥാടകർക്ക് ഭാഷാപരമായ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനായി വിപുലമായ സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങളാണ് സൗദി ഭരണകൂടം ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ഇരുഹറം കാര്യാലയങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ മസ്ജിദുൽ ഹറാമിലെ വെള്ളിയാഴ്ച ഖുതുബകളും മറ്റ് സുപ്രധാന പ്രഭാഷണങ്ങളും ‘മനാറാത്തുൽ ഹറമൈൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും പ്രത്യേക എഫ്.എം റേഡിയോ ചാനലുകൾ വഴിയും ഒരേസമയം 10 ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്ത് നൽകുന്നുണ്ട്. ഇതോടൊപ്പം, ഹറം സമുച്ചയത്തിൽ എത്തുന്നവർക്ക് ദിശാസൂചനകൾ മനസ്സിലാക്കുന്നതിനും ആവശ്യമായ സാംസ്കാരിക മാർഗ്ഗനിർദ്ദേശങ്ങൾ അറിയുന്നതിനുമായി വയർലെസ് ഹെഡ്ഫോണുകളും ഡിജിറ്റൽ ഗൈഡൻസ് കാർഡുകളും വഴി 50-ലധികം ഭാഷകളിൽ തത്സമയ സഹായം ലഭ്യമാക്കിയിട്ടുണ്ട്. മസ്ജിദുൽ ഹറാമിനുള്ളിലെ നിർദ്ദേശ ബോർഡുകൾ, ഇലക്ട്രോണിക് സ്ക്രീനുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവയും വിവിധ ഭാഷകളിൽ ലഭ്യമാണ്. കൂടാതെ, വിശുദ്ധ ഖുർആന്റെ കോപ്പികളും അവയുടെ വിവിധ വിദേശ ഭാഷകളിലുള്ള വിവർത്തനങ്ങളും തീർത്ഥാടകർക്കായി വിതരണം ചെയ്യുന്നുണ്ട്.
പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പ്രത്യേക ഫീൽഡ് ടീമുകളെയും സന്നദ്ധപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. തീർത്ഥാടകരുമായി അവരുടെ മാതൃഭാഷയിൽ നേരിട്ട് ആശയവിനിമയം നടത്തുന്ന ഈ സംഘങ്ങൾ ആരോഗ്യം, സുരക്ഷ, ആൾക്കൂട്ട നിയന്ത്രണം, മതപരമായ സംശയനിവാരണം എന്നിവയിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സേവനം സുഗമമാക്കുന്നു. ഇസ്ലാമിന്റെ മാനവിക സന്ദേശം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഹറമിലെ അത്യാധുനിക സേവനങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും ഈ സംവിധാനങ്ങൾ തീർത്ഥാടകരെ സഹായിക്കുന്നുണ്ട്. സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊണ്ട് ആഗോള മുസ്ലിം സമൂഹത്തിന്റെ ഒരു കൊച്ചു ലോകമായി മക്ക മാറുന്ന കാഴ്ചയ്ക്കാണ് ഈ ഹജ്ജ് വേളയും സാക്ഷ്യം വഹിക്കുന്നത്.



