ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സി.പി.ഐ.(എം) സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിൽ കടുത്ത അതൃപ്തിയും ആഭ്യന്തര വിമർശനവും പുകയുന്നു. ആലപ്പുഴയിൽ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച പാർട്ടി തീരുമാനം പൂർണ്ണമായും തെറ്റായിപ്പോയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആക്ഷേപം. അദ്ദേഹം ഈ പദവി എത്രയും വേഗം ഒഴിയണമെന്ന വികാരമാണ് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പങ്കുവെച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രവർത്തന ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ഭാഷയിലുള്ള ആക്ഷേപങ്ങളുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലെന്ന തരത്തിലുള്ള കടുത്ത പരാമർശങ്ങളാണ് യോഗത്തിൽ ഉയർന്നത്. പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി നയപരമായ തിരുത്തലുകൾ ഉണ്ടാകണമെന്നും, നിലവിലെ പ്രവർത്തന ശൈലികളുമായി തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ കേരളത്തിൽ ഇനിയൊരിക്കലും പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്ന കടുത്ത മുന്നറിയിപ്പും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ നേതൃത്വത്തിന് നൽകി.



