ദുബൈ: കഴിഞ്ഞ 48 മണിക്കൂറിനിടെ യു.എ.ഇയെ ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകളെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിവിലിയൻ മേഖലകളെയും മറ്റ് സുപ്രധാന താവളങ്ങളെയും ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ അതീവ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും നിരീക്ഷിച്ച് നിർവീര്യമാക്കാൻ സൈന്യത്തിന് സാധിച്ചു. ഈ ആക്രമണങ്ങളിൽ ആളപായമോ സുപ്രധാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച അബൂദബിയിലെ അൽ ദഫ്റയിലുള്ള അൽ ബറക്ക ആണവോർജ നിലയത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം തകർക്കാൻ സാധിച്ചുവെങ്കിലും, ഒരെണ്ണം നിലയത്തിന് സമീപത്തെ ഇലക്ട്രിക്കൽ ജനറേറ്ററിൽ പതിച്ച് തീപിടുത്തമുണ്ടായിരുന്നു.
ആക്രമണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ ഇറാഖ് അതിർത്തിക്കുള്ളിൽ നിന്നാണ് എത്തിയതെന്ന് സാങ്കേതിക നിരീക്ഷണങ്ങളിലൂടെയും ട്രാക്കിങ്ങിലൂടെയും സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം സമൂഹ മാധ്യമമായ ‘എക്സി’ൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കും ഉടമ്പടികൾക്കും അനുസൃതമായി ഏത് നടപടിയും സ്വീകരിക്കാൻ തങ്ങൾ പൂർണ്ണ സന്നദ്ധമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തിന് നേരെയുണ്ടാകുന്ന ഇത്തരം ഭീഷണികളെ ഫലപ്രദമായി നേരിടാൻ യു.എ.ഇ സായുധ സേന പൂർണ്ണ സജ്ജമാണെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.



