ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ഉന്നയിച്ച് ശ്രദ്ധേയയായ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ല്യാങ്ങിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മെറ്റ സസ്പെൻഡ് ചെയ്തു. തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ട വിവരം ഹെല്ല തന്നെയാണ് തന്റെ എക്സ് ഹാൻഡിലിലൂടെ പുറത്തുവിട്ടത്. അക്കൗണ്ട് സസ്പെൻഷൻ ലഭിച്ചതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട്, മാധ്യമ സ്വാതന്ത്ര്യത്തിനായി നൽകേണ്ടി വരുന്ന ചെറിയൊരു വിലയാണിതെന്നും, എന്നാൽ ഇത്തരമൊരു അനുഭവം തനിക്ക് ആദ്യമാണെന്നും അവർ കുറിച്ചു. അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ മെറ്റയെ ടാഗ് ചെയ്താണ് അവർ പോസ്റ്റ് പങ്കുവെച്ചത്.
നോർവേ സന്ദർശനവേളയിൽ പ്രധാനമന്ത്രിയോട് ഹെല്ല ഉന്നയിച്ച ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ എന്തുകൊണ്ട് ചോദ്യങ്ങൾ നേരിടുന്നില്ല എന്നതായിരുന്നു ഹെല്ലയുടെ പ്രധാന ചോദ്യം. ഈ ചോദ്യത്തോട് പ്രതികരിക്കാതെ മോദി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തുടർന്ന് നോർവേയിലെ ഇന്ത്യൻ എംബസി അവരെ പ്രത്യേക വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചെങ്കിലും, അവിടെവെച്ചും ഹെല്ല തന്റെ ചോദ്യങ്ങൾ ആവർത്തിക്കുകയാണുണ്ടായത്.
ഇതിനെത്തുടർന്ന് കടുത്ത സൈബർ ആക്രമണമാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ‘വിദേശ ഏജന്റ്’, ‘ചൈനീസ് ചാരൻ’ എന്നീ ആരോപണങ്ങളുമായി ബിജെപി അനുകൂല ഹാൻഡിലുകളിൽ നിന്നടക്കം അവർക്കെതിരെ വ്യാപകമായ ആക്രമണങ്ങളാണ് കമന്റ് ബോക്സുകളിൽ നടക്കുന്നത്. ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദാഗ്സാവിസെൻ’ എന്ന പത്രത്തിലെ റിപ്പോർട്ടറാണ് ഹെല്ലെ ല്യാങ്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് നോർവേയെങ്കിൽ, മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ സ്ഥാനം 157-ലേക്ക് കൂപ്പുകുത്തിയത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്ക ഉയർത്തുന്നുണ്ട്.



