ഗസ: ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട കപ്പലുകൾ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രായേൽ സൈന്യം തടയുകയും സമാധാനപ്രവർത്തകരെ തടവിലാക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് അൻപതിലധികം പേർ നിരാഹാര സമരം ആരംഭിച്ചു. ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ച ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില’ എന്ന സമാധാന കൂട്ടായ്മയിലെ കുറഞ്ഞത് 87 സന്നദ്ധപ്രവർത്തകരാണ് ജയിലുകളിൽ നിരാഹാര സമരം തുടങ്ങിയത്. തങ്ങളെ നിയമവിരുദ്ധമായി തടവിലാക്കിയതിലും, ഇസ്രായേൽ തടവറകളിൽ കഴിയുന്ന 9,500-ലധികം വരുന്ന ഫലസ്തീൻ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഈ സമരമെന്ന് സംഘാടകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടോടെ ഈ കൂട്ടായ്മയിലെ അവശേഷിച്ച അവസാന കപ്പലായ ‘ലീന അൽ-നാബുൽസി’ ഇസ്രായേൽ സൈന്യം വളയുകയും അതിലുണ്ടായിരുന്ന ആറുപേരെ തടവിലാക്കുകയും ചെയ്തിരുന്നു. ഗസയ്ക്കെതിരെയുള്ള ഇസ്രായേലിന്റെ ഉപരോധം മറികടക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ച തുർക്കിയെയിലെ മാർമറിസ് തുറമുഖ നഗരത്തിൽ നിന്നും പുറപ്പെട്ട അൻപതിലധികം കപ്പലുകളടങ്ങുന്ന വ്യൂഹത്തിലെ അവസാന കണ്ണിയായിരുന്നു ഈ ബോട്ട്.
അതേസമയം, കപ്പലിലുണ്ടായിരുന്ന നൂറുകണക്കിന് സന്നദ്ധപ്രവർത്തകരെ തങ്ങളുടെ സൈന്യം കസ്റ്റഡിയിലെടുത്ത് ഇസ്രായേലിലേക്ക് മാറ്റുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആകെ 430 സമാധാനപ്രവർത്തകരെ ഇസ്രായേൽ കപ്പലുകളിലേക്ക് മാറ്റിയതായും, അവർക്ക് അതത് രാജ്യങ്ങളുടെ കോൺസുലർ പ്രതിനിധികളെ കാണാൻ അവസരം നൽകുമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. എന്നാൽ ഈ ദൗത്യം ഹമാസിനെ സഹായിക്കാനുള്ള വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. സൈപ്രസ് തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് തിങ്കളാഴ്ചയോടെയാണ് ഇസ്രായേൽ സൈന്യം ഈ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്. ഇസ്രായേൽ കമാൻഡോകൾ ബോട്ടുകളിൽ റെയ്ഡ് നടത്തുകയും റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്ത ശേഷമാണ് തങ്ങളെ തടവിലാക്കിയതെന്ന് സംഘാടകർ ആരോപിക്കുന്നു.
തടവിലാക്കപ്പെട്ടവരിൽ ഒൻപത് ഇന്തോനേഷ്യൻ പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലുകളും പ്രവർത്തകരെയും ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇന്തോനേഷ്യ, ഇതിനായി എല്ലാ നയതന്ത്ര ചാനലുകളും കോൺസുലർ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും അറിയിച്ചു. അയർലൻഡ് പ്രസിഡന്റ് കാതറിൻ കോണലിയുടെ സഹോദരിയും ഡോക്ടറുമായ മാർഗരറ്റ് കോണലി ഉൾപ്പെടെ 15 ഐറിഷ് പൗരന്മാരും ഇസ്രായേലിന്റെ കസ്റ്റഡിയിലുണ്ട്. രാജ്യാന്തര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക തത്ത്വങ്ങളുടെയും ലംഘനമാണ് ഇസ്രായേൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി തുർക്കിയെ, സ്പെയിൻ, ജോർദാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ബ്രസീൽ, ഇന്തോനേഷ്യ, കൊളംബിയ, ലിബിയ, മാലദ്വീപ് എന്നീ രാജ്യങ്ങൾ ഇസ്രായേലിന്റെ നടപടിയെ ശക്തമായി അപലപിച്ചു.
എന്നാൽ, ഈ വിഷയത്തിൽ പതിവുപോലെ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഗസയിലേക്ക് തിരിക്കാൻ ശ്രമിച്ച കപ്പൽവ്യൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നാല് സമാധാനപ്രവർത്തകർക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇവർ ഹമാസിനെ സഹായിക്കാൻ വേണ്ടിയാണ് പ്രവർത്തിച്ചതെന്നാണ് വ്യക്തമായ തെളിവുകളൊന്നുമില്ലാതെ യു.എസ് ട്രഷറി വകുപ്പ് ആരോപിക്കുന്നത്. മുൻപും സമാനമായ രീതിയിൽ ഇസ്രായേൽ സൈന്യം തടവിലാക്കിയ സന്നദ്ധപ്രവർത്തകർ ജയിലുകളിൽ ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. ഇതിന് മുൻപ് യുകെയിലെ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ അനുകൂല പ്രവർത്തകർ മാസങ്ങളോളം നടത്തിയ നിരാഹാര സമരം അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരുന്നു.



