ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; കർശന ഉപാധികളോടെ മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങാം

ന്യൂഡൽഹി: ആക്ടിവിസ്റ്റും മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന മാതാവിനെ കാണുന്നതിനായി ജൂൺ ഒന്നു മുതൽ മൂന്ന് വരെ മൂന്ന് ദിവസത്തേക്കാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കണമെന്നത് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ഈ നടപടി. നേരത്തെ ഇതേ ആവശ്യവുമായി ഉമർ ഖാലിദ് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനും അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമായിരുന്നു ഖാലിദ് വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അമ്മാവന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് തടവിലുള്ള പ്രതിക്ക് ജാമ്യം നൽകാൻ തക്ക അടിയന്തര പ്രാധാന്യമുള്ള കാര്യമല്ലെന്നായിരുന്നു വിചാരണ കോടതിയുടെ നിരീക്ഷണം. കൂടാതെ, അമ്മയെ പരിചരിക്കാൻ ഉമർ ഖാലിദിന്റെ പിതാവും സഹോദരിമാരും പുറത്തുണ്ടെന്ന പ്രൊസിക്യൂഷൻ വാദം അംഗീകരിച്ചാണ് വിചാരണ കോടതി അന്ന് ജാമ്യം നിഷേധിച്ചത്. എന്നാൽ, വിചാരണ കോടതിയുടെ ഈ നിരീക്ഷണങ്ങൾ തെറ്റാണെന്നും കുടുംബപരമായ ആവശ്യങ്ങൾക്കായി 2022, 2024, 2025 വർഷങ്ങളിൽ തനിക്ക് മുൻപ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അപ്പീലിൽ ഖാലിദ് ചൂണ്ടിക്കാട്ടി. മുൻപ് ജാമ്യത്തിൽ ഇറങ്ങിയപ്പോഴെല്ലാം താൻ എല്ലാ കോടതി നിബന്ധനകളും കൃത്യമായി പാലിച്ചിരുന്നുവെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഉമർ ഖാലിദ് എന്നാണ് ഡൽഹി പോലീസിന്റെ ആരോപണം. കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ (UAPA) പ്രകാരം 2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ അഞ്ചര വർഷത്തിലേറെയായി ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ കോടതി ഉത്തരവുകളിൽ സുപ്രീം കോടതി ബെഞ്ച് നേരത്തെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

യു.എ.പി.എ, പി.എം.എ.എൽ.എ തുടങ്ങിയ കടുത്ത നിയമങ്ങളാണെങ്കിൽ പോലും വിചാരണ നീണ്ടുപോകുകയും പ്രതികൾ ദീർഘകാലം തടവിൽ കഴിയേണ്ടി വരികയും ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന സുപ്രധാന വിധി നിലനിൽക്കുന്നുണ്ട്. ഇത് ഉമർ ഖാലിദിന്റെയും ഇമാമിന്റെയും കാര്യത്തിൽ പിന്തുടരാത്തതിനെതിരെ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ദേശീയ സുരക്ഷയെയോ തീവ്രവാദ കുറ്റകൃത്യങ്ങളെയോ ബാധിക്കുന്ന കേസുകളിൽ പ്രത്യേക തത്വങ്ങൾ എങ്ങനെ ബാധകമാക്കണമെന്ന് നിയമങ്ങൾക്ക് നിശ്ചയിക്കാമെങ്കിലും, വ്യക്തിസ്വാതന്ത്ര്യവും തടങ്കലും തമ്മിലുള്ള ഭരണഘടനാപരമായ സന്തുലിതാവസ്ഥയെ പൂർണ്ണമായി തകിടം മറിക്കാൻ അത്തരം കടുത്ത നിയമങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി മുൻപ് ഓർമ്മിപ്പിച്ചിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles