ന്യൂഡൽഹി: സുപ്രീം കോടതിയുടെ എസ്.ഐ.ആർ വിധി വിരോധാഭാസമാണെന്നും, ഇത് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിന് പകരം കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുകയാണെന്നും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി. വിധിക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തിയുടെ പൗരത്വം ഔദ്യോഗികമായി നിർണ്ണയിക്കുന്നതിന് മുൻപ്, എസ്.ഐ.ആർ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ നിന്ന് ഏഴര കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത് എങ്ങനെയെന്ന് സിങ്‌വി ചോദിച്ചു. തെരഞ്ഞെടുപ്പുകൾ നടത്തി ഫലം വന്നതിന് ശേഷം പൗരത്വ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന്റെ ഔചിത്യം എന്താണെന്നും അദ്ദേഹം ആരാഞ്ഞു. വളരെ കുറഞ്ഞ സമയം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് എങ്ങനെ നടപ്പിലാക്കി എന്നതിനും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വം നിർണ്ണയിക്കുകയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയല്ലെന്നിരിക്കെ, വോട്ടർ പട്ടികയിൽ പേരുചേർക്കാൻ പൗരത്വ നിർണ്ണയത്തിലൂടെ കമ്മീഷനാകുമെന്ന് പറയുന്ന വിധിയിലെ വൈരുദ്ധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. ബീഹാറിൽ മാത്രം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരിൽ ഭൂരിഭാഗം പേർക്കും ഇനി പൗരത്വം തെളിയിക്കേണ്ടി വരുമെന്നത് വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ആധാർ കാർഡോ റേഷൻ കാർഡോ പൗരത്വത്തിന് തെളിവല്ലെന്ന് പറയുന്ന സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന മറ്റ് രേഖകളും പൗരത്വത്തിന് തെളിവായി സ്വീകരിക്കില്ലെന്ന് തിരിച്ചറിയണമായിരുന്നുവെന്നും സിങ്‌വി ഓർമ്മിപ്പിച്ചു.



