ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ; സംഘർഷാവസ്ഥ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട ആറ് പ്രതികളെ സി.പി.എം നേതൃത്വം പോലീസിന് കൈമാറി. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ പ്രവർത്തകർ കൂവിവിളിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. പ്രവർത്തകർ ഇഡിയുടെ വാഹനം തല്ലിത്തകർക്കുകയും കാറിന്റെ ചില്ല് എറിഞ്ഞുപൊട്ടിക്കുകയും ചെയ്തതിനെത്തുടർന്ന് രണ്ട് ഇഡി ഉദ്യോഗസ്ഥർക്കും വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു.

ഈ സംഭവത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം പ്രതിഷേധം ശക്തമായി. പ്രതികളെ പിടികൂടാനായി പോലീസ് എത്തിയതോടെ തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പാർട്ടി ഓഫീസിനകത്ത് കയറി അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. ഇതിനിടയിലും പോലീസ് കർശന നടപടികളുമായി മുന്നോട്ട് പോയി.

സംസ്ഥാനത്തുടനീളം റെയ്ഡിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. കോഴിക്കോട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ വസതിയിലെത്തിയ ഉദ്യോഗസ്ഥരുടെ കാർ പ്രവർത്തകർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപെട്ടാണ് അവരെ വിട്ടയച്ചത്. ഡൽഹി ഇഡി ആസ്ഥാനത്ത് പ്രതിഷേധിച്ച സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് യാതൊരു രേഖകളും പിടിച്ചെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം.വി. ജയരാജൻ അറിയിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ തുടങ്ങിയ 12 കേന്ദ്രങ്ങളിലെ റെയ്ഡ്, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇപ്പോഴും തുടരുകയാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles