വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിക്കുക അസാധ്യമെന്ന് കെ. സച്ചിദാനന്ദൻ

തൃശൂർ: വന്ദേമാതരത്തിന്റെ രണ്ടാമത്തെ ഭാഗത്തെ ദേശീയ ഗീതമായി അംഗീകരിക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണെന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വന്ദേമാതരത്തിന്റെ രണ്ടാം ഭാഗം കൃത്യമായും ഒരു ഹൈന്ദവ പ്രാർത്ഥനയോ കീർത്തനമോ പോലെയാണ് മാറുന്നത്. അതിനാൽ, ഹിന്ദുക്കൾക്ക് ക്ഷേത്രങ്ങളിലോ മറ്റ് വിശ്വാസി കേന്ദ്രങ്ങളിലോ ഇത് ചൊല്ലാവുന്നതാണെങ്കിലും, രാജ്യത്തെ ദേശീയ ഗീതമായി അതിനെ കണക്കാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നത് വലിയ അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ പോലെയുള്ള കൃതികൾ അക്കാലത്ത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ് വായിക്കപ്പെട്ടിരുന്നതെങ്കിലും, അതിൽ ഇന്ന് നാം ഹിന്ദുത്വ രാഷ്ട്രീയം എന്ന് വിളിക്കുന്നതിന്റെ ബീജങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പല വായനക്കാരും വിമർശകരും കണ്ടെത്തിയിട്ടുണ്ട്. ടാഗോറിന്റെ കവിതകളിലും ഇത്തരം ബിംബങ്ങൾ കാണാമെങ്കിലും, സ്വാതന്ത്ര്യ സമരം എന്ന വലിയ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അക്കാലത്ത് ആളുകൾ അതിനെ എങ്ങനെ ഉൾക്കൊണ്ടിരുന്നു എന്നത് സംശയകരമാണ്. എന്നാൽ പിൽക്കാലത്ത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ പല നേതാക്കളും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും മുൻഗാമികളായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറി.

മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ മുൻപ് നിഷ്കളങ്കമായിരുന്ന പല കാര്യങ്ങളും ഇന്ന് കളങ്കിതമാവുകയോ അപകടകരമായി മാറുകയോ ചെയ്തിട്ടുണ്ട്. വന്ദേമാതരത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് ഇത്തരമൊരു പാരായണ പരിവർത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലത്തെ സ്വാതന്ത്ര്യ സമര സേനാനികൾ കണ്ടതുപോലെയല്ല ഇന്നത്തെ ആളുകൾ വന്ദേമാതരത്തെ നോക്കിക്കാണുന്നത്. ദേശഭക്തിയുടെ മുദ്രാവാക്യമായി തുടങ്ങിയ ഒന്ന് ഹൈന്ദവ കീർത്തനം എന്ന നിലയിലേക്ക് മാറുന്നത് അപകടകരമായ ഒരു പ്രവണതയാണെന്നും കെ. സച്ചിദാനന്ദൻ അഭിമുഖത്തിൽ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles