ന്യൂയോർക്ക്: യുദ്ധമേഖലകളിൽ തടവുകാരോടും സിവിലിയന്മാരോടും ക്രൂരമായ ലൈംഗികാതിക്രമങ്ങൾ നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് ഇസ്‌റാഈലിനെയും റഷ്യയെയും ഐക്യരാഷ്ട്ര സംഘടന (യു.എൻ) തങ്ങളുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. സംഘർഷ മേഖലകളിൽ ലൈംഗികാതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള യുദ്ധമേഖലകളിൽ ലൈംഗികാതിക്രമങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വർധിച്ചതായി യു.എൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം തന്നെ ഇരുരാജ്യങ്ങൾക്കും യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഫലസ്തീൻ മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഇസ്‌റാഈൽ സൈന്യം ബലാത്സംഗം, കൂട്ടബലാത്സംഗം, നഗ്നരാക്കി പീഡിപ്പിക്കൽ തുടങ്ങിയ ക്രൂരകൃത്യങ്ങൾ നടത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പല പീഡനങ്ങളും സൈനികർ തന്നെ കാമറയിൽ പകർത്തിയതായും റിപ്പോർട്ടിലുണ്ട്. മറുവശത്ത്, ഉക്രൈനിൽ റഷ്യൻ സൈന്യം 310 ലൈംഗികാതിക്രമ കേസുകൾ നടത്തിയതായും, അതിൽ ഭൂരിഭാഗവും പുരുഷന്മാർക്ക് നേരെ വൈദ്യുതാഘാതം ഏൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള പീഡനമുറകളാണെന്നും യു.എൻ സ്ഥിരീകരിച്ചു.
യു.എന്നിന്റെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇസ്‌റാഈൽ രംഗത്തെത്തി. തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ഇസ്‌റാഈൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഹമാസിനെപ്പോലെയുള്ള സംഘടനകൾക്കൊപ്പം ഒരു ജനാധിപത്യ രാജ്യത്തെ ഉൾപ്പെടുത്തിയത് അനാദരവാണെന്ന് ഇസ്‌റാഈൽ യു.എൻ അംബാസഡർ ഡാനി ഡാനൻ പ്രതികരിച്ചു. യു.എസിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇസ്‌റാഈലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് യു.എൻ നേരിട്ട് ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിച്ഛായ നഷ്ടത്തിനും യു.എന്നിന്റെ സമാധാന സംരക്ഷണ സേനയിൽ പങ്കാളിത്തം നിഷേധിക്കുന്നതിനും ഇത് കാരണമാകും



