കൊച്ചി: അന്തരിച്ച പ്രിയ നടൻ സലിം കുമാറിന്റെ വടക്കൻ പറവൂരിലെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങുകൾക്കിടെ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും കാട്ടിയ അച്ചടക്കമില്ലായ്മയ്ക്കും കടന്നുകയറ്റത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകയും നിർമ്മാതാവുമായ സുപ്രിയ മേനോൻ. അച്ഛന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് കാമറകളുമായി അതിക്രമിച്ചു കയറിയ പാപ്പരാസികളുടെ പെരുമാറ്റം തികച്ചും വികലവും സങ്കടകരവുമാണെന്ന് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. വികാരനിർഭരമായ ചടങ്ങുകൾക്കിടയിൽ സലിം കുമാറിന്റെ മകൻ ചന്തു സലീം കുമാറിന്, തങ്ങൾക്ക് ഒന്ന് സമാധാനമായി കരയാൻ പോലും അല്പം സ്ഥലം അനുവദിക്കണമെന്നും പുറകോട്ട് മാറി നിൽക്കണമെന്നും കാമറക്കാരുടെ മുന്നിൽ നിലവിളിച്ച് ആവശ്യപ്പെടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രിയയുടെ ഈ തുറന്നടി.
പ്രിയപ്പെട്ട ഒരാളോട് വിടപറയുന്ന, ഹൃദയം തകരുന്ന വേദന നിറഞ്ഞ നിമിഷങ്ങളിലാണ് ആ കുടുംബമെന്ന് സുപ്രിയ ഓർമ്മിപ്പിച്ചു. എന്നാൽ അവിടെയും ഈ അവസാന വിടവാങ്ങൽ ക്ലോസ്-അപ്പിൽ പകർത്താൻ വേണ്ടി ഒരു കൂട്ടം കാമറകളും മൈക്കുകളും മത്സരിച്ച് തിരക്കുകൂട്ടുകയാണ്. ഇരയെ ലക്ഷ്യമാക്കി കൂടുതൽ കൂടുതൽ അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെപ്പോലെയാണ് ഈ പ്രവണതയെന്ന് അവർ കുറ്റപ്പെടുത്തി. “നമ്മൾ എന്താണ് ഇങ്ങനെ ആയിപ്പോയത്? മാന്യതയുടെയും അച്ചടക്കത്തിന്റെയും എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും തത്സമയം കണ്ട് ആസ്വദിക്കാനുള്ള ഈ വികലമായ പ്രവണത എന്തിനാണ്? മനുഷ്യരെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കൂ, അവർ ഇതിനകം തന്നെ വലിയ വേദനയിലാണ്. സ്വന്തമായി കുറച്ചെങ്കിലും ആത്മനിയന്ത്രണവും തിരുത്തലുകളും വരുത്താൻ നമ്മൾ തയ്യാറാകണം. ഇത് മാധ്യമപ്രവർത്തനമല്ല, മറിച്ച് കേവലമൊരു അശ്ലീലമായ കാഴ്ച ആസ്വാദനവും അതിക്രമവുമാണ്”, സുപ്രിയ തന്റെ കുറിപ്പിലൂടെ കടുത്ത അമർഷം രേഖപ്പെടുത്തി.
ദേശീയ പുരസ്കാര ജേതാവായ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ മകൻ ചന്തു വികാരാധീനനായി മാധ്യമങ്ങളോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ വിഷയം ചർച്ചയായത്. അവസാന കർമ്മങ്ങൾ ചെയ്യുന്ന അതീവ വ്യക്തിപരമായ ഇടത്തിലേക്ക് പോലും മൊബൈൽ ഫോണുകളും കാമറകളുമായി ആളുകൾ ഇരച്ചുകയറിയത് ഓൺലൈൻ മാധ്യമങ്ങളുടെ അതിരുകടന്ന റേറ്റിങ് ഭ്രമത്തിനെതിരെ പൊതുസമൂഹത്തിലും വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുൻപ് പ്രമുഖ വ്യക്തികളുടെ വിയോഗ സമയത്തും സമാനമായ രീതിയിൽ യൂട്യൂബ് ചാനലുകൾ അതിരുകടന്നതായി വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സും മര്യാദയും ഓർമ്മിപ്പിച്ചുകൊണ്ട് സുപ്രിയ മേനോൻ രംഗത്തെത്തിയത്.



